പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി പിടിയിൽ. പാലക്കാട് പട്ടാമ്പി സ്വദേശി സഹീറാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായിരുന്ന സഹീർ ഗൂഢാലോചന നടത്തുകയും ചെയ്തു. എൻ ഐ എ അറസ്റ്റ് ചെയ്ത പ്രതിയെ കൊച്ചി എൻ ഐ എ കോടതിയിൽ ഹാജരാക്കും.
കേസിൽ ആകെ 44 പ്രതികളാണ് ഉള്ളത്. 1950 പേജുള്ള കുറ്റപത്രം പോലീസ് സമർപ്പിച്ചുകളിഞ്ഞു. രാഷ്ട്രീയ പകയാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ മുഴുവൻ പ്രതികളെയും പിടികൂടാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല.
2022 ഏപ്രിൽ 16 നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ പോപ്പുലർ ഫ്രണ്ട് ഭീകരർ മേലാമുറിയിലുള്ള കടയിൽ കയറി ശ്രീനിവാസനെ വെട്ടുകയായിരുന്നു. സുബൈറിന്റെ മൃതദേഹം സൂക്ഷിച്ച ജില്ലാ ആശുപത്രിയുടെ മോർച്ചറിക്ക് സമീപത്ത് വെച്ചാണ് ശ്രീനിവാസനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നത്. പട്ടാപ്പകൽ നടന്ന കൊലപാതകത്തിന്റെ സിസിടിവി ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.












