തൃശൂർ : സംസ്ഥാനത്ത് വീണ്ടും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. എഴുപതുകാരന് പൊള്ളലേറ്റു. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ചായക്കടയിൽ വെച്ചായിരുന്നു സംഭവം.
ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടം ഉണ്ടായത്. ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോൺ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ ഏലിയാസ് കസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് കത്തിപ്പിടിച്ച ഫോൺ പുറത്തേക്കിട്ടു. ഒരു വർഷം മുൻപ് ആയിരം രൂപയ്ക്ക് വാങ്ങിയ ഐടെൽ കമ്പനിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത് എന്ന് ഏലിയാസ് പറഞ്ഞു.
പടക്കം പൊട്ടുന്ന ശബ്ദത്തോടെയാണ് മൊബൈൽ പൊട്ടിത്തെറിച്ചത്. സാധാരണ കീപാഡ് ഫോണിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഫോണിന് വാറണ്ടി ഇല്ലായിരുന്നു. വലിയ അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത് എന്നും ഏലിയാസ് പറഞ്ഞു.












