കോട്ടയം: സമൂഹമാദ്ധ്യമങ്ങൾ വഴി ഭാര്യമാരെ കൈമാറ്റം ചെയ്ത കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലപ്പെട്ട പരാതിക്കാരിയുടെ ഭർത്താവ് ഷിനോ മാത്യുവാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വൈകീട്ടോടെയായിരുന്നു ഷിനോയെ അവശനിലയിൽ കണ്ടത്. ഉടനെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മോശമായതോടെ ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കേസിലെ പരാതിക്കാരിയും ഷിനോയുടെ ഭാര്യയുമായ മണർകാട് സ്വദേശിനിയായ 26 കാരിയെ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടിരുന്നു. ഇതിന് പിന്നിൽ ഷിനോയാണെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. ഇതിൽ ഷിനോയെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെയായിരുന്നു വിഷം കഴിച്ച നിലയിൽ ഷിനോയെ കണ്ടത്.
കേരളക്കരയെ ആകെ ഞെട്ടിച്ച കേസ് ആയിരുന്നു ഇത്. സമൂഹമാദ്ധ്യമ ഗ്രൂപ്പിലൂടെയായിരുന്നു ഭാര്യമാരെ പരസ്പരം പങ്കുവച്ചിരുന്നത്. കൊല്ലപ്പെട്ട 26 കാരിയെ നിരവധി പേരാണ് ഇത്തരത്തിൽ പീഡിപ്പിച്ചത്. പീഡനം അസഹനീയമായതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് ഒൻപത് പേർക്കെതിരെ കേസ് എടുക്കുകയും ഷിനോയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.












