കോട്ടയം ; കാട്ടുപോത്ത് ആക്രമണം മൂലം മൂന്ന് പേര് മരിച്ച സംഭവത്തിൽ സർക്കാരിനും വനം വകുപ്പിനുമെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലെന്നും സർക്കാരും മറ്റ് ഉന്നതരും ഇത് മറക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. മജ്ജയും മാംസവുമുള്ള മനുഷ്യരാണ് ഇവിടെ ജീവിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കാട്ടുപോത്ത് നിയമസഭയിലോ പാർട്ടി ഓഫിസിലോ കയറിയാൽ നോക്കി നിൽക്കുമോ എന്നാണ് മാർ ജോസ് പുളിക്കൽ ചോദിച്ചത്. വന്യമൃഗങ്ങളൊന്നും നിങ്ങളെ വോട്ട് ചെയ്ത് ഒരിടത്തും എത്തിക്കില്ല, മജ്ജയും മാംസവുമുള്ള മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. അത് ആരും മറക്കരുത്.
കാട്ടുപോത്ത് കയറിവന്നത് നിയമസഭയിലേക്കോ പാർട്ടി ഓഫീസിലേക്കോ ആയിരുന്നെങ്കിൽ അവിടെ പെട്ടെന്ന് തീരുമാനമുണ്ടാകുമായിരുന്നല്ലോ. അപ്പോൾ നിയമത്തിന്റെ കുരുക്കഴിക്കാൻ ആരും മിനക്കെടില്ലായിരുന്നു. വെടിവച്ച് കൊല്ലാനായി ഒരു താമസവും ഉണ്ടാകില്ലായിരുന്നു. പാവപ്പെട്ട കർഷകന്റെ നെഞ്ചിലേക്ക് കാട്ടുപോത്ത് ചവിട്ടിക്കയറിയപ്പോൾ ആയിരക്കണക്കിന് നിയമങ്ങളാണ് കുരുക്കഴിക്കാനുണ്ടായിരുന്നത്. ഇത്തരം ഇരട്ടത്താപ്പു നയങ്ങൾ ഇനി വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി നാം കാണേണ്ട കാര്യമില്ല. വനംവകുപ്പ് പുറത്തുവിട്ട രേഖകൾ പ്രകാരം കഴിഞ്ഞ ആറ് വർഷത്തിനിടെ 735 പേരാണ് വിവിധ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കേരളത്തിൽ മാത്രം കൊല്ലപ്പെട്ടത്. 2021 ജൂൺ മുതൽ ഡിസംബർ 22 വരെയുള്ള കുറഞ്ഞ കാലയളവിൽ മാത്രം 121 പേർ മരിച്ചു. ഇതിനൊക്കെ ആർക്കാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം ചോദിച്ചു.












