കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്രീജയുടെ മകനായ സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മറ്റ് രണ്ട് കുട്ടികളായ സുജിൻ, സുരഭി എന്നിവരെ കെട്ടിത്തൂക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്ന് കുട്ടികൾക്കും ഉയർന്ന അളവിൽ ഉറക്കഗുളിക നൽകിയതായാണ് പ്രാഥമിക നിഗമനം.
ഇന്നലെയാണ് നടുക്കുടി ശ്രീജ(38) രണ്ടാം ഭർത്താവായ മുളപ്രവീട്ടിൽ ഷാജി(40), ശ്രീജയുടെ മക്കളായ സൂരജ്(12), സുജിൻ(10), സുരഭി(8) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ശ്രീജയേയും ഷാജിയേയും വീട്ടിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ശ്രീജയുടെ ആദ്യഭർത്താവ് സുനിൽ നൽകിയ പരാതിയിൽ ഇന്നലെ മധ്യസ്ഥ ചർച്ച നടത്താനിരിക്കെയാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.
ഇന്നലെ രാവിലെ ആറ് മണിയോടെ ശ്രീജ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തിരുന്നു. താനും ഷാജിയും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നായിരുന്നു സന്ദേശം. അരമണിക്കൂറിനുള്ളിൽ തന്നെ പോലീസ് ഇവിടെ എത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. ഹോം നഴ്സായി ജോലി ചെയ്യുന്ന ശ്രീജയും നിർമ്മാണ തൊഴിലാളിയായ ഷാജിയും തമ്മിൽ പരിചയപ്പെട്ടിട്ട് എട്ട് മാസമേ ആയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.












