കന്യാകുമാരി: നാഗർകോവിൽ കോട്ടാറിൽ ഗൃഹനാഥനെ ഡമ്മി തോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് 20 പവന്റെ സ്വർണം കവർന്ന മൂന്നു പേർ അറസ്റ്റിൽ. അമർ (47), റഹീം (33), കെളരി (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടാർ,വേദനഗർ, മേല പുതുതെരുവ് സ്വദേശി മുഹമ്മദ് ഉമർ സാഹിബിന്റെ (55) വീട്ടിലാണ് കവർച്ച നടന്നത്.
ഉമർ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയമായിരുന്നു മോഷണം നടന്നത്. വൈറ്റ് കളർ ഹുണ്ടായി കാറിൽ പർദ്ദയണിഞ്ഞെത്തിയ ഏഴു പേർ അതിക്രമിച്ച് വീടിനകത്ത് കയറിയാണ് മോഷണം നടത്തിയത്.ഉമർ സാഹിബിനെ ഡമ്മി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കസേരയിൽ കെട്ടിയിട്ട് വായിൽ കറുത്ത ബാൻഡേജ് ഉപയോഗിച്ച് ഒട്ടിച്ച ശേഷം അരിവാൾ കൊണ്ട് ഉമറിനെ കാലിൽ വെട്ടി പരിക്കേൽപ്പിച്ചു. തുടർന്ന് അലമാരയിലുണ്ടായിരുന്ന 20 പവന്റെ സ്വർണം മോഷ്ടിക്കുകയായിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ ഭാര്യ മോഷ്ടാക്കളെ കണ്ട് നിലവിളിച്ചതിനെ തുടർന്ന് പ്രതികൾ അവിടെ നിന്ന് കാറിൽ കയറി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. കുറച്ചു ദൂരം പോയപ്പോൾ കാർ നിയന്ത്രണം തെറ്റി അടുത്തുള്ള മതിലിൽ ഇടിച്ചു. ഇതിനിടെ ഒരാളെ നാട്ടുകാർ പിടികൂടി. സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ സംഘത്തിലുള്ള രണ്ടുപേരെ കൂടി പ്രത്യേക സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.












