എറണാകുളം: സ്ത്രീധനത്തിന്റെ പേരിൽ യുവതിയുടെ ദേഹത്ത് ഭർതൃമാതാവ് തിളച്ച വെള്ളമൊഴിച്ചതായി പരാതി. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം.ഭർത്താവിൻറെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് സ്ത്രീധനത്തെച്ചൊല്ലി നിരന്തരം പീഡനം നേരിട്ടിരുന്നതായാണ് പെൺകുട്ടിയുടെ വീട്ടുകാർ പരാതി പറയുന്നത്. ഇതേ തുടർന്ന് 24 കാരിയായ പെൺകുട്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ പള്ളിക്കമ്മറ്റി ഇടപ്പെട്ട് ഇവരുടെ കുടുംബപ്രശ്നം പരിഹരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവതിയും കുട്ടികളും വീണ്ടും ഭർതൃവീട്ടിൽ തിരിച്ചെത്തി.
ഭർതൃവീട്ടിൽ തിരിച്ചെത്തി രണ്ട് മണിക്കൂറിനുള്ളിലാണ് സംഭവം നടന്നത്. ചായക്കായി അടുപ്പിൽ വച്ച തിളച്ചവെള്ളം ഭർതൃമാതാവ് യുവതിയുടെ ദേഹത്ത് ഒഴിച്ചതായാണ് പരാതി. പള്ളികമ്മിറ്റി പ്രശ്നത്തിൽ ഇടപെട്ടത് നാണക്കേട് ഉണ്ടാക്കി എന്ന് പറഞ്ഞാണ് യുവതിക്ക് നേരെ ഇവർ ആക്രമണം നടത്തിയത്. ദേഹത്ത് 24 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ഹോസ്പ്പിറ്റലിൽ എത്തിച്ചത്. ദേഹത്ത് പൊള്ളലേറ്റതിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് ഗാർഹീക പീഡനത്തിനും പൊള്ളലേൽപ്പിച്ചതിനും ഭർത്താവിനെതിരേയും മാതാപിതാക്കൾക്കെതിരേയും ഭർത്താവിന്റെ സഹോദരിക്കെതിരേയും പെരുമ്പാവൂർ പോലീസ് കേസ് എടുത്തിട്ടുണ്ട്. 2018 ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. പത്തൊമ്പതാം വയസ്സിൽ വിവാഹിതയായ യുവതിയുടെ പഠന വിഷയവുമായി ബന്ധപ്പെട്ടും സ്ത്രീധനവുമായി ബന്ധപ്പെട്ടും നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ നടന്നതൊന്നും യുവതി സ്വന്തം വീട്ടിൽ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ഡിസംബറോടെ കുടുബ പ്രശ്നം വഷളാവുകയും യുവതി സ്വന്തം വീട്ടിൽ കാര്യങ്ങൾ അറിയിക്കുകയുമായിരുന്നു. പിന്നീട് വിട്ടുകാരെത്തി യുവതിയേയും മക്കളേയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ലെന്നാണ് മറ്റൊരു പരാതി. സംഭവത്തിന് ശേഷം ഭർത്താവും, ഭർതൃവീട്ടുകാരും ഒളിവിലാണെന്നാണ് സൂചന.












