കൊച്ചി; ആർഷോയുടെ വാദം പൂർണ്ണമായും തള്ളി മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ. ഫോർത്ത് സെമിലെ കുട്ടികളുടെ കൂടെയാണ് ആർഷോ പരീക്ഷ എഴുതിയത്. 2021 ൽ ആർഷോ പുനപ്രവേശനം നേടി. 2021 ബാച്ചിനൊപ്പം തന്നെയാണ് ആർഷോ പരീക്ഷ എഴുതിയതെന്നും കോളേജ് പ്രിൻസിപ്പാൾ വ്യക്തമാക്കി. വാർത്താ സമ്മേളനം നടത്തി വിവാദത്തിൽ പ്രതികരണം നടത്തുകയായിരുന്നു കോളേജ് അധികൃതർ.
മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ എഴുതിയിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് പരീക്ഷ ജയിച്ചു എന്ന് സർട്ടിഫിക്കറ്റിൽ അടിച്ചവന്നത് എന്ന് തനിക്കറിയില്ലെന്നുമാണ് പി.എം ആര്‍ഷോ ഇന്നലെ വിശദീകരണം നൽകിയത്. കേസ് മൂലം എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ ആകുമായിരുന്നില്ല. പാസായെന്ന ഫലം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും സാങ്കേതിക പിശകാണോ ബോധപൂര്‍വമാണോ എന്ന് പരിശോധിക്കണമെന്നുമാണ് ആര്‍ഷോ വ്യക്തമാക്കിയത്.
എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ എസ്എഫ്ഐയുടെ വനിതാ നേതാവ് കെ.വിദ്യ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ആരംഭിച്ചത്. അട്ടപ്പാടി ഗവ. കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനെത്തിയ എസ്.എഫ്.ഐ. മുന്‍ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ ഉദ്യോഗാര്‍ഥിയാണ് രണ്ടുവര്‍ഷത്തെ വ്യാജ പ്രവർത്തിപരിചയ രേഖ ഹാജരാക്കിയത്. ഇൻറർവ്യൂ പാനലിൽ ഉണ്ടായിരുന്നവർക്ക് തോന്നിയ സംശയമാണ് വ്യാജ രേഖയാണെന്ന സ്ഥിരീകരണത്തിലേക്കെത്തിയത്.
ഇതിനിടെയാണ് പരീക്ഷ എഴുതാത്ത എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെ ജയിപ്പിച്ച എറണാകുളം മഹാരാജാസ് കോളജിൻറെ മറ്റൊരു സർട്ടിഫിക്കററും ചർച്ചയിലേക്ക് എത്തിയത്. സംഭവം വിവാദമായതോടെ ആര്‍ഷോ തോറ്റെന്ന് മഹാരാജാസ് സർവ്വകലാശാല പരീക്ഷാഫലം തിരുത്തുകയായിരുന്നു.












