തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കാലിത്തൊഴുത്ത് നിർമ്മാണത്തിന് ടെണ്ടർ വിളിച്ചതിന്റെ രേഖകൾ പുറത്ത്. 42.9 ലക്ഷം രൂപയ്ക്ക് ചുറ്റുമതിലിൻറെ പുനർനിർമാണവും പുതിയ കാലിത്തൊഴുത്ത് നിർമാണവും എന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്.
ക്ലിഫ് ഹൗസിൽ അരക്കോടിയോളം രൂപ ചെലവിട്ട് പുതിയ കാലിത്തൊഴുത്ത് നിർമിക്കുന്നുവെന്ന വാർത്ത വലിയ വിവാദമായിരുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും ഇത്തരം ആർഭാഡങ്ങൾ ആവശ്യമില്ലെന്ന വാദങ്ങളാണ് ഉയർന്നത്.
അതോടെ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തുകയായിരുന്നു. തകർന്ന മതിൽ പുതുക്കി പണിയാൻ വേണ്ടിയാണ് പണം അനുവദിച്ചത് എന്നാണ് ഫെബ്രുവരി 9 ന് നടന്ന വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ടെൻഡർ രേഖകൾ പുറത്തുവന്നതോടെ മതിൽ നിർമ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത് എന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞിരിക്കുകയാണ്.
42.9 ലക്ഷം രൂപയ്ക്ക് ചുറ്റുമതിലിൻറെ പുനർനിർമാണവും പുതിയ കാലിത്തൊഴുത്ത് നിർമാണവും എന്നാണ് പൊതുമരാമത്ത് വകുപ്പ് 2022 ജൂണിൽ ഇറക്കിയ ഉത്തരവിൽ പറയുന്നത്.
ഇത് കൂടാതെ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ മൂന്നാം ഘട്ട പരിപാലനത്തിനായി 3.84 ലക്ഷം രൂപ ടൂറിസം വകുപ്പ് അനുവദിച്ചത് വിവാദമായിരുന്നു. ഇതുവരെ 38 ലക്ഷം രൂപയാണ് നീന്തൽ കുളം നവീകരണത്തിന് അനുവദിച്ചത്. പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി ചെലവിട്ടത് 31,92, 360 രൂപയാണ്.












