പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച സംഭവത്തിൽ എസ്എഫ്‌ഐ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയ്‌ക്കെതിരെ അട്ടപ്പാടി സർക്കാർ കോളേജ് പ്രിൻസിപ്പൽ പരാതി നൽകി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ലാലിമോൾ വർഗീസാണ് അഗളി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഈ മാസം ആദ്യം നടന്ന അഭിമുഖത്തിനായി ഹാജരാക്കിയ രേഖ വ്യാജമാണെന്നാണ് പരാതി.
വിദ്യയ്‌ക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്‌ഐആറും രേഖകളും അഗളി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. വ്യാജരേഖ സമർപ്പിച്ച കോളേജ് അഗളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയതിനാലാണ് ഫയൽ കൈമാറ്റം ചെയ്തത്. ഈ മാസം രണ്ടാം തിയതി പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ.കോളേജിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂവിന് വിദ്യ രണ്ട് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിരുന്നു.
മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് ഇതിൽ പറയുന്നത്. ഇതിൽ പറയുന്നതിൽ ഒരു കാലയളവിൽ വിദ്യ മഹാരാജാസിലെ പിജി വിദ്യാർത്ഥിയായിരുന്നു. ഇന്റർവ്യു പാനലിലുള്ളവർ ലോഗോയും സീലും കണ്ട് സംശയം തോന്നി മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളം പുറത്താകുന്നത്.












