തിരുവനന്തപുരം: ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ഡ്രൈവറും മുൻ സീറ്റിൽ ഇരിക്കുന്നയാളും സീറ്റ് ബെൽറ്റ് ധരിക്കണം. അതേ സമയം നിയമലംഘനത്തിന് രണ്ട് ദിവസത്തിനിടെ എ.ഐ ക്യാമറയിൽ കുടുങ്ങിയതിൽ 36 വിഐപി സർക്കാർ വാഹനങ്ങളുണ്ടെന്ന് ഗതാഗതമന്ത്രി ആൻറണി രാജു വ്യക്തമാക്കി . 10 എണ്ണത്തിന് നോട്ടീസ് അയക്കും. തെറ്റായ ഒരു നോട്ടീസും ആർക്കും കിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ പേരിലുള്ള എംപി ബോർഡുള്ള കാർ, എറണാകുളം എംപി ഹൈബി ഈഡന്റെ എംപി ബോർഡ് സ്ഥാപിച്ച കാർ, തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലിന്റെ കാർ, തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു എംഎൽഎയുടെ വാഹനം വയനാട്ടിൽ വച്ച് നിയമലംഘനം നടത്തി, കൊടുവള്ളി എംഎൽഎ ബോർഡ് വച്ച കാർ, കൊട്ടാരക്കരയിൽ സംസ്ഥാന പോലീസ് മേധാവിയുടെ പേരിലുള്ള വാഹനം എന്നിങ്ങനെ പോകുന്നു പട്ടിക.
നിയമലംഘനം നടത്തിയവർക്ക് ഇന്നലെ മുതൽ ചെലാൻ അയച്ചു തുടങ്ങി. മൂവായിരത്തോളം പേർക്കാണ് ഇന്നലെ ചെലാനും എസ്എംഎസും അയച്ചത്. ചെലാൻ അയക്കുന്നതിലെ പിഴവുകൾ ഇന്നലെ ഉച്ചയോടെ എൻഐസി പരിഹരിച്ചുവെന്നും അധികൃതർ പറയുന്നു. അതേസമയം റോഡ് ക്യാമറ പ്രവർത്തനം അവലോകനം ചെയ്യാൻ ഇന്ന് രാവിലെ 11 മണിക്ക് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ യോഗം ചേരുന്നുണ്ട്.












