അമ്മയുടെ മരണം തന്റെ ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്ന ആഘാതങ്ങളെ കുറിച്ച് ഒരു മകൻ എഴുതിയ കുറിപ്പ് വായനക്കാരിൽ നോവാകുന്നു. മനോജ് പൊൻകുന്നമാണ് തന്റെ അമ്മയെ കുറിച്ച് ഏറെ വൈകാരികമായ ഒരു കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ” അമ്മ മരിച്ചപ്പോൾ ഞാൻ കരഞ്ഞില്ല, കാരണം ആ വാർത്ത എപ്പോൾ വേണമെങ്കിലും കേൾക്കേണ്ടിവരും എന്ന യാഥാർത്ഥ്യം ആറുമാസം മുൻപ് മുതലേ ഞാൻ ഉൾക്കൊണ്ടിരുന്നു. അതിനിനി താമസമുണ്ടാവില്ല എന്ന് രണ്ടാഴ്ച്ചയ്ക്ക് മുൻപ് എനിക്കറിയാമായിരുന്നു.
മൂന്നാഴ്ചയായി ഭാരത് ഹോസ്പിറ്റലിൽ ക്രിട്ടിക്കൽ ഐസിയുവിൽ ആയിരുന്ന അമ്മയെ അവസാനദിവസങ്ങളിൽ കാണുന്നതിൽ നിന്നും ഞാൻ മനപ്പൂർവം ഒഴിഞ്ഞുനിന്നിരുന്നു. ഓക്സിജൻ മാസ്ക് വെച്ചു കൈകൾ രണ്ടും കട്ടിലിൽ ബന്ധിച്ച നിലയിൽ അമ്മയെ കാണുവാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. അവസ്ഥ തീർത്തും മോശമാണ്, അറിയിക്കുവാനുള്ളവരെ അറിയിച്ചോളൂ എന്ന് ഡോക്ടർ പറഞ്ഞപ്പോഴും എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.
ബന്ധുക്കളെ വിളിച്ചു വിവരം അറിയിച്ചപ്പോൾ എന്റെ കണ്ഠം ഇടറിയില്ല. ആംബുലൻസിനു മുന്നിൽ കോട്ടയത്തുനിന്നും കാറോടിച്ചു വരുവാൻ എനിക്ക് ബുദ്ധിമുട്ട് തോന്നിയില്ല. ബോഡി വീട്ടിലെത്തിയപ്പോൾ ഉയർന്ന തേങ്ങലുകൾ ഞാൻ ശ്രദ്ധിച്ചില്ല. കർമ്മം ചെയ്തപ്പോഴോ ചിതക്ക് തീ കൊളുത്തിയപ്പോഴോ ഞാൻ വിങ്ങിപ്പൊട്ടിയില്ല. സഞ്ചയനത്തിന് അസ്ഥി പെറുക്കിയപ്പോൾ കൈ വിറച്ചില്ല. ഞാൻ ഹാപ്പിയാണ്, എന്റെയമ്മയെ കഴിയുന്നതുപോലെ ഞാൻ നോക്കിയിട്ടുണ്ട്, സ്നേഹിച്ചിട്ടുണ്ട്. അമ്മയുടെ ഇഷ്ടങ്ങൾക്കൊപ്പം ഞാൻ നിന്നിട്ടുണ്ട്, കഴിയുന്നതുപോലെ അവ സാധിച്ചിട്ടുണ്ട്.
പക്ഷെ ചില യാഥാർത്ഥ്യങ്ങൾ തുറിച്ചു നോക്കുന്നുണ്ട്. ഇനി എനിക്ക് അമ്മയില്ലേ, എന്നേ മോനെ എന്ന് വിളിക്കാൻ ഇനി ആരുമില്ല. കഴിഞ്ഞ അര നൂറ്റാണ്ടു കാലം ഞങ്ങൾക്കുവേണ്ടി മാത്രം ജീവിച്ച ഞങ്ങളുടെ അമ്മ ഇനിയില്ല. അമ്മയുടെ ഏറ്റവും വലിയ സന്തോഷം, അമ്മയുടെ വീട്ടുകാർ, ബന്ധുക്കൾ, പേരമ്മ,അമ്മാവന്മാർ ചിറ്റമാർ, അവരുടെ മക്കൾ, വീട്ടിലെ ഓരോ വിശേഷങ്ങൾക്കും ഓടിയെത്തുന്നവർ, പ്രധാന റോൾ അഭിനയിച്ചവർ, വിശേഷങ്ങൾ അറിയുവാൻ ഇടയ്ക്കിടെ വിളിക്കുന്നവർ, ഉപദേശങ്ങൾ നൽകുന്നവർ, അവരെല്ലാം അമ്മയെപ്പോലെതന്നെ ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു, ധൈര്യമായിരുന്നു, ആത്മവിശ്വാസമായിരുന്നു. അമ്മക്കൊപ്പം ഒറ്റയടിക്ക് നഷ്ടപ്പെടുന്നത് ആ തണലാണ്. അങ്ങിനെയുണ്ടാവില്ല എന്ന് അവർ ആണയിടുമ്പോഴും, എത്രകാലം എന്ന ചോദ്യം. മനസ്സിനെ ഏറ്റവും ദു:ഖിപ്പിക്കുന്നതും അതാണ്. വഴിത്തിരിവാണ്, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടേണിംഗ് പോയിന്റ്”.












