പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് സെന്റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സീതത്തോട് പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമാണ് പന്നിയെ വെടിവച്ചത്. സീതത്തോട് മാർക്കറ്റ് ജംഗ്ഷനിലുള്ള സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലേക്ക് കാട്ടുപന്നി ഓടിക്കയറുകയായിരുന്നു.
പന്നിയുടെ പിറകെ ഓടിയെത്തിയ ആളുകളിൽ ചിലർ പന്നിയെ ഓഡിറ്റോറിയത്തിൽ പൂട്ടിയിട്ടു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും കൂടുതൽ നാട്ടുകാരും ഇവിടേക്ക് എത്തി. സ്ഥലത്ത് വച്ച് തന്നെ പന്നിയെ കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കൊച്ചുകോയിക്കൽ സ്റ്റേഷനിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സീതത്തോട് എത്തിയത്.
ഇതിനിടെ ജനവാസ മേഖലയിലിറങ്ങി അക്രമം കാണിച്ച പന്നിയെ വെടി വച്ച് കൊല്ലാൻ സീതത്തോട് പഞ്ചായത്ത് പ്രസിഡൻറ് പി ആർ പ്രമോദ് ഉത്തരവിട്ടു. ഇതിൻ പ്രകാരം പഞ്ചായത്തിന്റെ പാനൽ ലിസ്റ്റിൽ ഉള്ള ഷൂട്ടറെ വടശ്ശേരിക്കരയിൽ നിന്ന് വിളിച്ചു വരുത്തി. പതിനൊന്ന് മണിയോടെ ഓഡിറ്റോറിയത്തിനുള്ളിൽ വച്ച് തന്നെ പന്നിയെ വെടിവച്ച് വീഴ്ത്തി. തുടർന്ന് വനംവകുപ്പിന്റെ നടപടിക്രമങ്ങൾക്ക് ശേഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്നിയുടെ ജഡം കുഴിച്ചിട്ടു.












