കൊച്ചി; നൈജീരിയയിൽ തടവിലായ കപ്പൽ ജീവനക്കാരായ മലയാളികൾ നാട്ടില്‍ തിരികെയെത്തി. കപ്പലിലെ വാട്ടർമാൻ എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത, ചീഫ് ഓഫീസർ കടവന്ത്രയിൽ താമസിക്കുന്ന സുൽത്താൻ ബത്തേരി സ്വദേശി സനു ജോസ്, കൊല്ലം സ്വദേശി വി വിജിത് എന്നീ മലയാളികളാണ് കപ്പലിലുണ്ടായിരുന്നത്. നാലു പേരും സുരക്ഷിതായി നാട്ടിലെത്തി.
സ്ത്രീധന പീഡനത്തെ തുടർന്ന് സഹോദരി വിസ്മയ മരിച്ചതിന്റെ വേദന വിട്ടു മാറും മുൻപാണ് അവധി കഴിഞ്ഞ് വിജിത്ത് ജോലിക്ക് പോയത്. വിജിത്ത് നൈജീരിയയിൽ തടവിലായതോടെ കുടുംബം വീണ്ടും ആശങ്കയിലായി. നിലമേൽ കൈതോട് വീട്ടിലെത്തിയ വിജിത്തിന് നാട്ടുകാർ സ്വീകരണം നൽകി. ഭാര്യയ്ക്കും കുട്ടിക്കും അച്ഛനും അമ്മയ്ക്കൊപ്പം സന്തോഷം പങ്കിട്ടു. ഇന്നലെ ഉച്ചയ്ക്കു നെടുമ്പാശേരിയിൽ എത്തിയ വിജിത്തിനെ അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിതയും ഭാര്യ ഡോ. രേവതിയും ചേർന്ന് സ്വീകരിച്ചു. രാത്രി 9.30ന് കുടുംബം വീട്ടിൽ എത്തി. നാട്ടിൽ എത്തിയ വിജിത്ത് തന്റെ മോചനത്തിനായി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.
എണ്ണ മോഷണവും സമുദ്രാതിർത്തി ലംഘനവും ആരോപിച്ച് പത്ത് മാസം മുൻപാണ് ഇവരെ തടവിലാക്കിയത്. അവസാനഘട്ടത്തില്‍ ശുചിമുറിയിലെ വെള്ളമടക്കം കുടിക്കാന്‍ ആവശ്യപ്പെടുന്ന സാഹചര്യം വരെ നേരിട്ടുവെന്നും രക്ഷപ്പെട്ട മലയാളികള്‍ പ്രതികരിച്ചു. അനധികൃതമായാണ് കപ്പൽ തടഞ്ഞതെന്ന് കാട്ടി രാജ്യാന്തരതലത്തിൽ സംഭവം വിവാദമായിരുന്നു












