നെടുമ്പാശേരി:ഈന്തപ്പഴത്തിന്റെ കുരുവിന്റെ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കാർഗോ വഴി അയച്ച സ്വർണം പിടികൂടിയത്. ദുബായിൽ നിന്നും സലാഹുദ്ദീൻ എന്നയാൾ കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരിൽ അയച്ചതാണ് കാർഗോ. സ്‌കാനറിലെ പരിശോധനയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥൻ പാക്കറ്റ് പരിശോധിച്ച് നോക്കിയപ്പോഴാണ് ഈന്തപ്പഴത്തിന്റെ ഉള്ളിൽ കുരുവിന്റെ രൂപത്തിലും വലുപ്പത്തിലും സ്വർണം ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്.
ഈന്തപ്പഴം പൊളിച്ച് പേപ്പറിൽ പൊതിഞ്ഞ സ്വർണം ഒളിപ്പിച്ച ശേഷം അടച്ചു വച്ചിരിക്കുകയായിരുന്നു. ഇത്തരത്തിൽ 6 സ്വർണ കുരുവാണ് ലഭിച്ചത്. യഥാർത്ഥ കുരുവുള്ള ഈന്തപ്പഴങ്ങളും പാക്കറ്റിൽ ഉണ്ടായിരുന്നു. ആകെ 60 ഗ്രാം തൂക്കമാണ് പിടിച്ചെടുത്ത സ്വർണത്തിന് ഉണ്ടായിരുന്നത്. ഇതിന് മൂന്ന് ലക്ഷം രൂപ വില വരും.
ഫ്‌ളോഗോ ലോജിസ്റ്റിക്‌സ് എന്ന ഏജൻസി വഴിയാണ് കാർഗോ അയച്ചിരിക്കുന്നത്. മുഹമ്മദ് സെയ്ദിന് വേണ്ടി മറ്റ് രണ്ട് പേരാണ് കാർഗോ വാങ്ങാൻ വിമാനത്താവളത്തിൽ എത്തിയത്. ഇത്തരത്തിൽ അയച്ചാൽ സ്വർണം പിടിക്കപ്പെടുമോ എന്ന് മനസിലാക്കാനുള്ള സ്വർണക്കടത്ത് സംഘത്തിന്റെ ടെസ്റ്റ് ഡോസ് ആണിതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിഗമനം.












