ഒരു കൃഷി വിജയിപ്പിച്ച് എടുക്കാൻ കർഷകർ എടുക്കുന്ന വളരെ വലുതാണെന്ന് നമുക്കെല്ലാവർക്കും. കാലാവസ്ഥ, കീടബാധ, മറ്റ് ജീവികളിൽ നിന്നുള്ള ആക്രമണങ്ങൾ എന്ന് തുടങ്ങീ നിരവധി പ്രതിസന്ധികളെ മറികടന്നാണ് കർഷകർ കൃഷി വിജയത്തിലേക്കെത്തിക്കുന്നത്. അതിക്രമിച്ച് കയറി കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ കൊണ്ട് കർഷകർ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്.
ഇത്തരത്തിൽ തന്റെ വിള നശിപ്പിക്കാനെത്തുന്ന കുരങ്ങുകളെ തുരത്താൻ ഒരു കർഷകൻ കണ്ടെത്തിയ മാർഗമാണ് ഏവരിലും കൗതുകം പകർത്തുന്നത്. തന്റെ കരിമ്പുപാടത്ത് എത്തി കരിമ്പ് നശിപ്പിക്കുന്ന കുരങ്ങുകളെ തുരത്താൻ സ്വയം ഒരു കരടിയുടെ വേഷം കെട്ടുകയാണ് ഒരു കർഷകൻ ചെയ്തത്. അങ്ങ് ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിലാണ് ഈ കൗതുകകരമായ സംഭവം.
കുരങ്ങന്മാർ പതിവായി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് കർഷകൻ ഈ മാർഗം സ്വീകരിച്ചത്. പാടത്തിന്റെ നടുവിൽ കരടിയുടെ വേഷവും ധരിച്ച് കർഷകർ ഇരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കരടി വേഷം കെട്ടാൻ തുടങ്ങിയതോടെ കുരങ്ങന്മാർ പാടത്തേക്ക് വരുന്നത് കുറഞ്ഞെന്നാണ് കർഷകന്റെ സാക്ഷ്യം. 45ഓളം കുരങ്ങന്മാർ സ്ഥിരം പാടത്തെത്തി കൃഷി നശിപ്പിക്കുമായിരുന്നെന്നും, അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടി ആകാതെ വന്നതോടെയാണ് ഈ മാർഗം പിന്തുടർന്നതെന്നുമാണ് കർഷകൻ പറയുന്നത്. നാലായിരം രൂപയോളം മുടക്കിയാണ് കടയിൽ നിന്ന് കരടിവേഷം മേടിച്ചതെന്നും ഇദ്ദേഹം പറയുന്നു.










