ആലപ്പുഴ : ആലപ്പുഴ ബീച്ച് മാലിന്യ കൂമ്പാരമായി കിടക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് വിനോദസഞ്ചാരി. ഓസ്ട്രേലിയയിൽ നിന്നുള്ള വിനോദ സഞ്ചാരിയായ കാതറിൻ എലിസബത്ത് ആണ് ബീച്ചിന്റെ ശോചനീയാവസ്ഥ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഇവിടെയുള്ള ആളുകൾ എല്ലാ വസ്തുക്കളും ബീച്ചിലാണ് നിക്ഷേപിക്കുന്നത് എന്ന് ഇവർ വീഡിയോയിൽ പറയുന്നുണ്ട്. റബ്ബിഷ് ബീച്ച് എന്നാണ് ആലപ്പുഴ ബീച്ചിനെ വീഡിയോയിൽ വിശേഷിപ്പിക്കുന്നത്. ഇത്രയും വൃത്തികേടായി കിടക്കുന്ന ബീച്ച് താൻ ഇതുവരെ കണ്ടിട്ടില്ലെന്നും കാതറിൻ പറഞ്ഞു.
ഓസ്ട്രേലിയയിൽ ഞങ്ങൾ ബീച്ചുകളെ സംരക്ഷിക്കാറുണ്ട്. ബീച്ചുകൾ മാത്രമല്ല പ്രകൃതിയെയും സമുദ്രത്തിനുള്ളിൽ വസിക്കുന്ന ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനായി അവബോധം വളർത്താറുണ്ട്. എന്നാൽ ഇത്രയും വൃത്തികേടായി കിടക്കുന്ന ബീച്ച് തന്നെ ഞെട്ടിച്ചിവെന്നും കാതറിൻ പറഞ്ഞു.
വിദേശികൾ ഉൾപ്പെടെ നിരവധി പേർ എത്തുന്ന ഇത്തരമൊരു സ്ഥലത്ത് മാലിന്യം കുന്നുകൂടാനുള്ള കാരണം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമില്ലായ്മയാണെന്ന് ഇവർ പറയുന്നു. കേരളം തന്റെ സ്വന്തം വീട് പോലെയാണെന്നും അതുകൊണ്ടാണ് ബീച്ചുകളെ പരിപാലിക്കുന്നതിന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ താൻ മുൻകൈ എടുക്കുന്നത് എന്നും കാതറിൻ കൂട്ടിച്ചേർത്തു. സംരംഭകയും യോഗ പരിശീലകയുമാണ് കാതറിൻ.










