ഇസ്ലാമാബാദ് : പാകിസ്താനി സ്നൂക്കർ താരവും ഏഷ്യൻ അണ്ടർ 21 വെള്ളി മെഡൽ ജേതാവുമായ മജീദ് അലി ആത്മഹത്യ ചെയ്തു. 28 വയസായിരുന്നു. പഞ്ചാബിലെ ഫൈസലാബാദിന് സമീപമുള്ള സമുന്ദ്രിയിലാണ് സംഭവം. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് ജീവനൊടുക്കിയത് എന്ന് പോലീസ് പറഞ്ഞു.
നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പാകിസ്താനെ പ്രതിനിധീകരിച്ച മികച്ച കളിക്കാരനായിരുന്നു മജീദ് അലി. ഏറെ നാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു മജീദ്. വീടിനുള്ളിലാണ്
മജീദിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
നിർഭാഗ്യകരമായ സംഭവമാണിതെന്ന് പാകിസ്താൻ ബില്യാർഡ്ഡ് ആൻഡ് സ്നൂക്കർ ചെയർമാൻ അലംഗീർ ഷെയ്ഖ് പറഞ്ഞു. മികച്ച താരമായിരുന്നു മജീദ്. അദ്ദേഹത്തിൽ നിന്ന രാജ്യം ഒരുപാട് പ്രതീക്ഷിച്ചിരുന്നുവെന്നും ഷെയ്ഖ് പറഞ്ഞു. അവൻ ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് സഹോദരൻ ഉമർ പറഞ്ഞു.
ഒരു മാസത്തിനിടെ രണ്ടാമത്തെ സ്നൂക്കർ താരമാണ് മരിക്കുന്നത്. അന്താരാഷ്ട്ര സ്നൂക്കർ താരം മുഹമ്മദ് ബിലാൽ കഴിഞ്ഞ മാസം ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞിരുന്നു.










