പത്തനംതിട്ട : സേതുരാമയ്യർ സിബിഐ സിനിമയെ തോൽപ്പിക്കും വിധമുള്ള ഒരു വമ്പൻ ട്വിസ്റ്റ് ആണ് പത്തനംതിട്ടയിലെ ഒരു കൊലക്കേസിൽ ഇപ്പോൾ നടന്നിരിക്കുന്നത്. 2006 മെയ് 26 നാണ് പത്തനംതിട്ട കോയിപ്രത്തെ വീട്ടമ്മയായ രമാദേവിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ അയൽവാസിയായ തമിഴ്നാട് സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടന്നത്.
രമാദേവിയുടെ കൊലപാതകത്തിന് ശേഷം ഇവിടെ നിന്നും കാണാതായ സ്ഥലവാസിയായ ചുടലമുത്തു എന്ന തമിഴ്നാട്ടുകാരനെ ചുറ്റി പറ്റി അന്വേഷണം വ്യാപിപ്പിച്ചുവെങ്കിലും ലോക്കൽ പൊലീസിന് ഇയാളെയോ ഇയാളോടൊപ്പം താമസിച്ചിരുന്ന സ്ത്രീയെയോ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറായിരുന്നില്ല. ഒടുവിൽ കഴിഞ്ഞ വർഷം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ തമിഴ്നാട് സ്വദേശിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ തെങ്കാശിയിൽ വെച്ച് കണ്ടെത്തി. തുടർന്ന് പ്രതിയെന്ന് സംശയിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് കണ്ടെത്തിയതാണ് രമാദേവി കൊലക്കേസിൽ ട്വിസ്റ്റായത്.
ഒടുവിൽ ആ പ്രതിയെ പോലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റാരുമല്ല, രമാദേവിയുടെ ഭർത്താവ് തന്നെയായിരുന്നു ആ പ്രതി. റിട്ടയേഡ് പോസ്റ്റ് പോസ്റ്റ്മാസ്റ്റർ സി ആർ ജനാർദ്ദനനെയാണ് (75) ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തിരുവല്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രമാദേവി കൊലക്കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടും നേരത്തെ കോടതിയെ സമീപിച്ചിരുന്ന വ്യക്തിയായിരുന്നു ജനാർദ്ദനൻ. തുടർന്നാണ് ക്രൈം ബ്രാഞ്ച് ഈ കേസ് അന്വേഷണം ആരംഭിക്കുന്നത്.
രമാദേവി കൊല്ലപ്പെട്ട സമയത്ത് ലഭിച്ച തെളിവുകളുടെയും ഇപ്പോൾ കണ്ടെത്തിയ തമിഴ്നാട് സ്വദേശിയിൽ നിന്നും ലഭിച്ച തെളിവുകളുടെയും ജനാർദ്ദനനിൽ നിന്നും സ്വീകരിച്ച ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇദ്ദേഹം തന്നെയാണ് പ്രതി എന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിച്ചേർന്നത്. തുടർന്ന് ക്രൈംബ്രാഞ്ച് സി ആർ ജനാർദ്ദനനെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.












