കോഴിക്കോട്: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കു നേരെ കയ്യേറ്റം. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് ഇന്നലെ രാത്രി 12 മണിയോടെ കയ്യേറ്റം നടന്നത്. ചെവി അടഞ്ഞെന്ന് പറഞ്ഞാണ് രണ്ട് പേർ ഇന്നലെ രാത്രിയോടെ ഡോക്ടറുടെ അടുത്ത് ചികിത്സക്ക് എത്തിയത്. വയനാട്ടിൽ നിന്നാണ് വരുന്നതെന്നും കുറ്റ്യാടി ആശുപത്രിയിൽ കാണിച്ചപ്പോൾ മരുന്ന് ലഭിച്ചില്ലെന്നുമാണ് പറഞ്ഞത്.
ഡോക്ടർ മരുന്നിനെഴുതുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് നെബുലൈസേഷൻ നൽകുകയും ചെയ്തു. ഇതിനിടെ കൂടെ ഉണ്ടായിരുന്ന ആളും തന്റെ ചെവിയും അടഞ്ഞെന്നും മരുന്ന് വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഒപി ടിക്കറ്റെടുക്കാതെ മരുന്നു നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവർ നഴ്സ്മാരോടു തട്ടിക്കയറി. ഇതുകണ്ട് ചോദിക്കാനെത്തിയ ഡോക്ടർക്ക് നേരെയും ഇവർ തട്ടിക്കയറുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
ഇവർ വയനാട് സ്വദേശികളാണെന്നാണ് സൂചന. ഡോക്ടറുടെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നും പോലീസ് വ്യക്തമാക്കി.












