കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുക്കാതെ പോലീസ്. അപകടത്തിൽ പരിക്കേറ്റ രോഗിയുടെ ഭർത്താവ് ഇന്ന് പോലീസിൽ പരാതി നൽകും. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിരുന്നു. ഇന്നലെയാണ് അപകടമുണ്ടായത്. ി നെടുമൻകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിനൊണ് പോലീസ് വാഹനം ഇടിച്ചത്.
അപകടത്തിൽ ആംബുലൻസ് ഡ്രൈവർ നെടുമന സ്വദേശി നിതിൻ, ഓടനാവട്ടം സ്വദേശി അശ്വകുമാർ, ഭാര്യ ദേവിക, ബന്ധു ഉഷകുമാരി, പോലീസ് ജീപ്പ് ഓടിച്ച സിപിഒ ബിജു ലാൽ എന്നിവർക്ക് പരിക്കേറ്റിരുന്നു. പോലീസ് വാഹനം തെറ്റായ ദിശയിലെത്തി ആംബുലൻസിൽ ഇടിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അപകടത്തിൽ പെട്ടവരെ ഉടനെ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു











