കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ വാടകവീട്ടിൽ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന മുഹമ്മദ് അമലിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കുറ്റ്യാടി കായക്കൊടി പാറക്കൽ വീട്ടിൽ ചന്ദ്രന്റെ മകൾ ആദിത്യ ചന്ദ്ര (22) ആണ് മരണപ്പെട്ടത്. മേത്തോട്ടുതാഴത്തുള്ള വാടകവീട്ടിലാണ് ഈ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് ഹൈലൈറ്റ് മാളിൽ ജോലി ചെയ്തു വരികയായിരുന്നു ആദിത്യ. വ്യാഴാഴ്ച രാവിലെ ആയിരുന്നു ഈ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാടകവീട്ടിൽ ഈ പെൺകുട്ടിയോടൊപ്പം താമസിച്ചിരുന്ന വ്യക്തിയായിരുന്നു മാവൂർ പാറക്കൽ സ്വദേശി മുഹമ്മദ് അമൽ (22). ഇയാളെ മെഡിക്കൽ കോളേജ് പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ആദിത്യയുടെ മരണം ആത്മഹത്യ അല്ലെന്നും കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടായിരുന്നതെന്നും ആദിത്യയുടെ അച്ഛൻ പരാതി ഉന്നയിക്കുന്നുണ്ട്. മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ല എന്നാണ് പോലീസ് അറിയിക്കുന്നത്. മരണപ്പെട്ട പെൺകുട്ടിയുടെ അച്ഛനും മറ്റും വിവരമറിഞ്ഞ് സ്ഥലത്തെത്തുമ്പോഴേക്കും മൃതദേഹം അഴിച്ച് പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മോർച്ചറി പരിസരത്ത് മുഹമ്മദ് അമൽ ഉണ്ടായിരുന്നതായി പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. മുഹമ്മദ് അമലിന്റെ ശരീരത്തിലും പരിക്കുകൾ കണ്ടെന്നും പെൺകുട്ടിയുടെ അച്ഛൻ പറയുന്നു.











