കോഴിക്കോട് : മുസ്ലിം സമുദായത്തെ വോട്ട് ബാങ്ക് ആക്കി പറ്റിക്കാൻ നോക്കേണ്ടെന്ന് എ പി അബ്ദുല്ലക്കുട്ടി. പഴയപോലെ മുസ്ലിം സമുദായത്തിലുള്ളവരെ വോട്ട് ബാങ്ക് ആക്കി പറ്റിക്കാം എന്ന ചിന്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മനസ്സിൽ വെച്ചാൽ മതിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു . കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. എം വി ഗോവിന്ദൻ വിചാരിക്കുന്നത് മുസ്ലീമുകൾ യാഥാസ്ഥിതികരാണ്, അന്ധവിശ്വാസികളാണ് എന്നൊക്കെയാണ്. എന്നാൽ അങ്ങനെയല്ല. മലപ്പുറത്തെ തട്ടമിട്ട ഉമ്മാക്കുട്ടികൾ എൻട്രൻസ് പരീക്ഷയിൽ വരെ റാങ്ക് വാങ്ങുന്ന കാലത്താണ് നാം ജീവിക്കുന്നത്. കേരളത്തിലെ മുസ്ലീങ്ങളെ സംബന്ധിച്ചുള്ള എം വി ഗോവിന്ദന്റെ കാഴ്ചപ്പാട് തെറ്റാണെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
പണ്ട് മുസ്ലിം ലീഗിനെ കൂടെക്കൂട്ടണമെന്ന് ആവശ്യപ്പെട്ടതിന് തന്നെ തഴഞ്ഞ പിണറായി വിജയനോട് ഇന്ന് അതേ ആവശ്യം ഉയർത്തിക്കൊണ്ട് എം.വി. ഗോവിന്ദൻ മധുരമായി പകരം വീട്ടുകയാണെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. ” പണ്ട് എം.വി.രാഘവൻ ബദൽ രേഖയുമായി വന്നപ്പോൾ ആ ബദൽ രേഖയുടെ താത്വിക പ്രചാരകനായിരുന്നു ഗോവിന്ദൻ മാഷ്. എന്താ ഗോവിന്ദൻ മാഷ് അന്ന് പറഞ്ഞത്? മുസ്ലിം ലീഗിനെ കൂട്ടിയില്ലെങ്കിൽ കയ്യൂരും കരിവള്ളൂരും പുന്നപ്ര വയലാറും പോലും സിപിഎം ജയിക്കില്ല എന്നാണ്. അന്ന് പിണറായിയും വിഎസും ഗോവിന്ദൻ മാഷെ മോറാഴ ബ്രാഞ്ചിലേക്ക് താഴ്ത്തിയിരുത്തി. ഇന്നിപ്പോൾ ലീഗിനെ കൂടെ കൂട്ടണമെന്ന് പറഞ്ഞ് പിണറായി വിജയനോട് ഗോവിന്ദൻ മാഷ് മധുരമായി പകരം വീട്ടുകയാണ്.
വ്യക്തി നിയമവുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ നിലപാടിന്റെ കാര്യത്തിൽ വൈരുദ്ധ്യം ഉണ്ടെന്നും എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. “1937ൽ ബ്രിട്ടിഷുകാർ എഴുതിവച്ചിട്ടുള്ള മുസ്ലിം വ്യക്തിനിയമം ഖുർ ആനെതിരാണ്, പ്രവാചകനെതിരാണ്. ഇന്ത്യയിൽ എഴുതി വെച്ചിട്ടുള്ള വ്യക്തി നിയമത്തിൽ മുസ്ലിംകൾക്ക് ദത്ത് അനുവദനീയമല്ല. എന്നാൽ ഇന്ത്യ ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളിലും മുസ്ലിംകൾക്ക് ദത്തവകാശമുണ്ട്. ഇവിടുത്തെ മുസ്ലീങ്ങളെ പറ്റിക്കാൻ ആണ് ശ്രമിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
ഇസ്ലാം രാജ്യമായ മൊറോക്കോയിൽ ബഹുഭാര്യത്വം നിരോധിച്ചിരിക്കുന്നതിനെക്കുറിച്ചും ഈജിപ്തിൽ വല്യുപ്പാന്റെ പേരകുട്ടികൾക്ക് സ്വത്തിൽ അവകാശമുള്ളതിനെക്കുറിച്ചും ഇറാനിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്വത്ത് തുല്യമായി വീതം വയ്ക്കുന്നതിനെക്കുറിച്ചും പറഞ്ഞ അബ്ദുള്ളക്കുട്ടി അപ്പോൾ ശരിക്കും ഏതാണ് ശരിയത്ത് എന്ന് കൂടി ചോദിച്ചു. ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമം ലോകത്ത് വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന ശരിയത്ത് നിയമങ്ങൾക്കെതിരാണ് എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇന്ത്യയിൽ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ മുസ്ലിം വ്യക്തി നിയമം പരിശുദ്ധ ഖുർആന് എതിരാണ് എന്നും കേരളത്തിലെ മുസ്ലിം സമുദായം ഇത് തിരിച്ചറിയുന്നവരാണ് എന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
കേരളത്തിലെ മുസ്ലിം വോട്ട് ബാങ്ക് ഉന്നമിട്ടുള്ള നിലപാടാണ് ഇപ്പോൾ സിപിഎമ്മും കോൺഗ്രസും സ്വീകരിക്കുന്നത് എന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി ഇതുകൊണ്ടൊന്നും കേരളത്തിൽ ഇവർക്ക് ഒരു സ്വാധീനവും ചെലുത്താൻ കഴിയില്ല എന്നും വ്യക്തമാക്കി. ഇപ്പോൾ മുസ്ലിംകൾ വിദ്യാഭ്യാസ സമ്പന്നരാണ്. അവർക്കിടയിൽ വലിയ മാറ്റങ്ങൾ ഉണ്ട്. അവരെ പഴയപോലെ വോട്ടുബാങ്ക് ആക്കി പറ്റിക്കാമെന്ന പൂതി ഗോവിന്ദൻ മാഷങ്ങ് മനസ്സിൽ വെച്ചാൽ മതിയെന്നും എ പി അബ്ദുള്ളക്കുട്ടി കോഴിക്കോട് സംസാരിക്കവേ വ്യക്തമാക്കി.











