തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എംബി രാജേഷ്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വിമുക്തി പദ്ധതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. വിമുക്തി മാതൃകാ പഞ്ചായത്തുകൾ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പഴവർഗങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കും. വിദേശികൾ കൂടുതൽ വരുന്ന റെസ്റ്റോറന്റുകളിൽ ബിയറും വൈനും നൽകാൻ പ്രത്യേക ലൈസൻസ് നൽകുമെന്നും മന്ത്രി പറഞ്ഞു.കള്ള് ഷാപ്പുകൾക്ക് ഒരേ ഡിസൈൻ കൊണ്ടുവരും. ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകാനാണ് തീരുമാനം. കള്ള് ഷാപ്പുകളിൽ തനത് ഭക്ഷണം കൂടി ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള ടോഡി എന്ന ബ്രാൻഡിൽ കള്ള് ഉൽപാദിപ്പിക്കും. കേരളത്തിൽ വിദേശ മദ്യവും ബിയറും പരമാവധി ഉത്പാദിപ്പിക്കാനാണ് നീക്കം. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ 2.4 ശതമാനമാണ് മദ്യവിൽപന കൂടി. 340 കോടി അധിക വരുമാനം ഈ വർഷം മദ്യവിൽപ്പനയിലൂടെ കിട്ടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും.












