തൃശൂര്‍: അര്‍ദ്ധരാത്രി ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം ഒരു കിലോമീറ്ററിന് അപ്പുറം വണ്ടി നിര്‍ത്തി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീട്ടമ്മയെ ബുദ്ധിമുട്ടിച്ചതായി പരാതി. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയത്.ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.സംഭവത്തെ തടര്‍ന്ന് വീട്ടമ്മ ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി എംഡിക്കും പരാതി നല്കി.
തൃശൂരില്‍ നിന്നും വാണിയംപാറയിലേക്ക് യാത്ര ചെയ്യുകയായിരുന്നു രജനി. രാത്രി ബസില്‍ കയറുന്നതിന് മുന്‍പേ വാണിയംപാറയില്‍ ബസ് നിര്‍ത്തുമോയെന്ന് ജീവനക്കാരോട് ചോദിച്ചിരുന്നു.നിര്‍ത്തി തരാം എന്ന് ഉറപ്പ് നല്‍ക്കുകയും ചെയ്തിരുന്നു. വടക്കഞ്ചേരിക്ക് വരെയുള്ള കാശ് കൊടുത്തിട്ടാണ് കയറിയത്. വാണിയംപാറ എത്താറായപ്പോള്‍ ഇറങ്ങണമെന്ന് പറഞ്ഞെങ്കിലും ഇവിടെ നിര്‍ത്തിത്തരാന്‍ പറ്റില്ല കുറച്ച് ദൂരെ നിര്‍ത്തിത്തരാമെന്നാണ് പറഞ്ഞത്. യാത്രക്കാര്‍ നിര്‍ത്തി കൊടുക്കാന്‍ പറഞ്ഞുവെങ്കിലും അവര്‍ നിര്ത്തിതന്നില്ല. വെളിച്ചമില്ലാത്ത റോഡിലൂടെ നടക്കേണ്ടിവന്നു എന്നും രജനി പറഞ്ഞു
രാത്രിയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ഇറക്കണമെന്ന സര്‍ക്കുലര്‍ നിലവില്‍ ഉള്ളപ്പോഴാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറിയത്. ഇനിയൊരു സ്ത്രീക്കും
ഇങ്ങനെയൊരു അവസ്ഥ വരാന്‍ പാടില്ല എന്നും രജനി വ്യക്തമാക്കി.












