\\താമരശ്ശേരി: പെൺകുട്ടികളുടെ പുതിയ മോഡൽ ചെരുപ്പുകൾ മാത്രം മോഷ്ടിക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ പുറത്ത്. താമരശേരിയിലെ കാരാടി, കെടവൂർ, ചാലമ്പറ്റ, നീലഞ്ചേരി ചെമ്പ്ര എന്നിവിടങ്ങളിലെ പല വീടുകളിൽ നിന്നും വർഷങ്ങളായി ചെരുപ്പുകൾ നഷ്ടപ്പെടുന്നുണ്ട്. ആൺകുട്ടികളുടെയും സ്ത്രീകളുടെയും ചെരുപ്പുകളും വീടുകളുടെ പുറത്ത് ഉണ്ടാവാറുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെ പെൺകുട്ടികളുടെ ചെരുപ്പ് മാത്രം ആണ് ഇയാൾ മോഷ്ടിക്കാറുള്ളത്.
താമരശേരി ജിയുപി സ്കൂളിന് പുറകുവശത്തെ ഫർഹമൻസിലിൽ ആയിഷയുടെ വീട്ടിൽ നിന്നും ചെരുപ്പ് മോഷ്ടിക്കുന്നതിനിടെയാണ് കള്ളന്റെ മുഖം സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് മതിൽ ചാടിക്കടന്ന് പതുങ്ങി വരാന്തയിലെത്തിയ മോഷ്ടാവ് രണ്ടു ജോടി ചെരുപ്പുകൾ എടുത്തു മടങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
മാന്യമായ വേഷം ധരിച്ച് മുഖംമൂടി ധരിക്കാതെയാണ് യുവാവായ കള്ളൻ എത്തിയത്. കാവൽ നായ്ക്കളില്ലാത്ത വീടുകളിലാണ് ഇയാൾ കയറുന്നത്.












