എറണാകുളം: കൊച്ചിയിലെ പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ശിവരാമന് ഓഫീസിലെത്തി വിഷം കഴിക്കുകയായിരുന്നു.
ഇന്നലെയായിരുന്നു സംഭവം നടന്നത്. ഒന്‍പത് വര്‍ഷമായി ശിവരാമന് സര്‍വീസില്‍ നിന്നും വിരമിച്ചിട്ട്. ഇതിനിടെ കാന്‍സര്‍ ബാധിക്കുകയും ചെയ്തു. ചികിത്സക്കായും അദ്ദേഹത്തിന് പണം ആവശ്യമായിരുന്നു .എണ്‍പതിനായിരം രൂപയാണ് ശിവരാമന് കിട്ടാന്‍ ഉണ്ടായിരുന്നത്. പല തവണ ഓഫീസില്‍ കയറി ഇറങ്ങി. ഉദ്യോഗസ്ഥര്‍ പറയുന്ന രേഖകള്‍ മുഴുവന്‍ കൊടുക്കുകയും ചെയ്തു. എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല.
ചില ഉദ്യോഗസ്ഥര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നതായി ശിവരാമന് വീട്ടില്‍ പറഞ്ഞിരുന്നു. പിഎഫ് കിട്ടില്ലന്ന് ഉറപ്പായതോടെയാണ് ശിവരാമന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത് എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇങ്ങനെയൊരു അവസ്ഥ ആര്‍ക്കും ഉണ്ടാക്കരുത് എന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.
പിഎഫ് ഓഫീസിന്റെ ശുചിമുറിയില്‍ വച്ചാണ് ശിവരാമന് ആത്മഹത്യ ശ്രമം നടത്തിയത്. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയൊടെ മരിക്കുകയായിരുന്നു.












