കൊച്ചി:ഫ്ളാറ്റില്‍ നിന്നും വീണ് മരിച്ച എല്‍ജിബിറ്റിക്യു വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ് ഇന്ന് പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് മനുവിന്റെ മൃതദേഹം കുടുംബം ഏറ്റെടുത്തത്. ഇതേ തുടര്‍ന്നാണ് മനുവിന്റെ മൃതദേഹം കുടുംബം ഏറ്റെടുത്തത്.
മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മനുവിന്റെ സ്വവര്‍ഗ പങ്കാളി ജെബിന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കളമശ്ശേരി മെഡിക്കല്‍ കോളേജില്‍വെച്ച് അന്തിമോപചാരം അര്‍പ്പിക്കാനും ജെബിന് കോടതി അനുമതി നല്കി. എന്നാല്‍ അക്കാര്യം കുടുംബാംഗങ്ങളോട് സംസാരിച്ച് തീരുമാനത്തിലെത്താനും കോടതി നിര്‍ദേശിച്ചു. കുടുംബം അനുവദിച്ചാല്‍ പോലീസ് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും കോടതി പറഞ്ഞു. കണ്ണൂരിലെ വീട്ടിലെത്തി മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിലും എതിര്‍പ്പില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നു വീട്ടിലേക്ക് കൊണ്ടുപോയി.
ഫെബ്രുവരി മൂന്നിനാണ് കളമശ്ശേരിയിലെ ഫ്ളാറ്റിന്റെ മുകളില്‍നിന്ന് വീണ് മനു(34)വിന് പരിക്കേറ്റത്. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലും പിന്നാലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലായിരിക്കെ നാലാം തീയതി മനു മരിച്ചു. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇതോടെ മനുവിന്റെ പങ്കാളിയായ ജെബിന് മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തി സംസ്കരിക്കാം എന്ന് അറിയിച്ചെങ്കിലും രക്തബന്ധമല്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടു നല്‍കിയില്ല. ഇതോടെയാണ് തന്റെ ജീവിതപങ്കാളിയുടെ മൃതദേഹം വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജെബിന് ഹൈക്കോടതിയെ സമീപിച്ചത്.












