കോട്ടയം: കേടില്ലാത്ത അഞ്ചുപല്ലുകൾക്ക് കേടുവരുത്തിയ ദന്തഡോക്ടർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽക്കാൻ ഉത്തരവ് . പല്ലിന്റെ ചികിത്സ തേടിയെത്തിയ സ്ത്രീയുടെ കേടില്ലാത്ത അഞ്ചു പല്ലുകൾക്ക് കേടുവരുത്തിയെന്ന പരാതിയിലാണ് ഉത്തരവ് . ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമിഷനാണ് ഉത്തരവ് ഇട്ടത്. കോട്ടയം കടപ്പൂർ സ്വദേശിനി ഉഷാകുമാരിയാണ് പരാതി നൽകിയത്.
അഡ്വ. വി.എസ്. മനുലാൽ , അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഉത്തരവിട്ടത് . കാനൻ ദന്തൽ ക്ലിനിക്കിലെ സർജൻ ഡോ. ഷൈനി ആന്റണി പരാതിക്കാരിക്ക് ഒരോ പല്ലിനും ഒരു ലക്ഷം രൂപ വച്ച് നൽകണം എന്നാണ് തർക്കപരിഹാര കമ്മിഷൻ അറിയിച്ചിരിക്കുന്നത്.
പല്ലിന്റെ വിടവുനികത്താനും പൊട്ടലുണ്ടോ എന്നറിയാനുമാണ് ഉഷാകുമാരി ക്ലിനിക്കിലെത്തിയത്. എന്നാൽ ദന്തൽ ഡോക്ടർ പരാതിക്കാരുടെ അനുവാദം ഇല്ലാതെ കേടുപാടില്ലാത്ത മേൽനിരയിലെ ഒരു പല്ലും താഴത്തെ നിരയിലെ നാലുപല്ലുകളും രാകിമാറ്റുകയായിരുന്നു. തുടർന്ന് പല്ലുകൾ ക്രൗൺ ചെയ്യുന്നതിന് അഡ്വാൻസ് തുക വാങ്ങുകയും ചെയ്തു. സംഭവത്തിന് ശേഷം മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പല്ലുകൾക്ക് കേടുപാടുകൾ ഇല്ലായിരുന്നു എന്നുള്ള വിവരം അറിയുന്നത്. ഇതേ തുടർന്നാണ് സ്ത്രീ പരാതി നൽകിയത്. പല്ലുകളുടെ ക്രൗൺ ഉറപ്പിക്കുന്നതിനായി മറ്റൊരു ക്ലിനിക്കിൽ 57, 600 രൂപ ചിലവായതായും പരാതിയിൽ പറയുന്നു.












