ഇംഫാൽ: വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ലഹരി വിരുദ്ധ പോരാട്ടം ശക്തമാക്കി സുരക്ഷാ സേന. ചൂരാചന്ദ്പൂർ ജില്ലയിലെ തങ്ജിംഗ് ഹിൽ റേഞ്ചിൽ നടത്തിയ സംയുക്ത തെരച്ചിലിൽ 45 ഏക്കറോളം വരുന്ന അനധികൃത പോപ്പി (Poppy) കൃഷി സുരക്ഷാ സേന പൂർണ്ണമായും നശിപ്പിച്ചു. നവംബർ 5-ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വൻ ലഹരിവിരുദ്ധ ഓപ്പറേഷൻ നടന്നത്.
ചൂരാചന്ദ്പൂർ ജില്ലാ പൊലീസിന് പുറമെ ഫസ്റ്റ് ഇന്ത്യൻ റിസർവ് ബറ്റാലിയൻ (1st IRB), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ 58-ാം ബറ്റാലിയൻ (CRPF), നാർക്കോട്ടിക്സ് ആൻഡ് അഫയേഴ്സ് ഓഫ് ബോർഡർ (NAB), വനം വകുപ്പ് എന്നിവർ സംയുക്തമായാണ് മലനിരകളിൽ പരിശോധന നടത്തിയത്. ലഹരി മാഫിയ വൻതോതിൽ മയക്കുമരുന്ന് ഉൽപ്പാദനത്തിനായി പോപ്പി ചെടികൾ വളർത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സുരക്ഷാസേന എത്തുമ്പോൾ കൃഷിയിടത്തിൽ ആരും ഉണ്ടായിരുന്നില്ലെങ്കിലും, ഈ പ്രദേശം ഫ്ളാംഗ്നോം (Lhangnom) വില്ലേജിന്റെ പരിധിയിൽ വരുന്നതായതിനാൽ സംഭവവുമായി ബന്ധപ്പെട്ട് വില്ലേജ് ചീഫിന് പൊലീസ് ഔദ്യോഗികമായി സമ്മൻസ് അയച്ചിട്ടുണ്ട്. അതിർത്തി സംസ്ഥാനങ്ങളിൽ ലഹരി നിർമ്മാർജ്ജനവും മാഫിയ വിരുദ്ധ പ്രവർത്തനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വനം-പൊലീസ് വകുപ്പുകളുടെ ഈ നിർണ്ണായക നീക്കം.











