പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കടുത്ത ആക്രമണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആരാണ് രാജ്യവിരുദ്ധരെന്നും വിദേശ ശക്തികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതെന്നും തെളിയിക്കാൻ പരസ്യമായൊരു സംവാദത്തിന് താൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. “ഏത് സ്ഥലത്തും ഏത് സമയത്തും സംവാദത്തിന് താൻ തയ്യാറാണ്,” എന്ന് വ്യക്തമാക്കിക്കൊണ്ടാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ പോരുവിളി ഉയർത്തിയത്.
ഛത്തീസ്ഗഡിലെ ബസ്തർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ ഈ കടുത്ത പ്രതികരണം. നക്സൽ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളും ‘ദിമാഗി നക്സലുകളും’ (നക്സൽ ചിന്താഗതിയുള്ളവർ) രാജ്യത്തെ രാഷ്ട്രീയ പാർട്ടികളിലും വിവിധ സംഘടനകളിലും നുഴഞ്ഞുകയറി ജനങ്ങളെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായി ഇളക്കിവിടുകയാണെന്ന് മോദി ആരോപിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെയാണ് രാഹുൽ ഗാന്ധി ശക്തമായി രംഗത്തെത്തിയത്.
ബി.ജെ.പിയും കേന്ദ്ര സർക്കാരും നിരന്തരം പ്രതിപക്ഷ നേതാക്കളെ രാജ്യവിരുദ്ധരെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. യഥാർത്ഥ രാജ്യസ്നേഹികളും ഭരണഘടന സംരക്ഷിക്കുന്നവരും ആരാണെന്ന് ജനങ്ങൾക്ക് മുന്നിൽ തുറന്നുപറയാൻ തനിക്ക് ഭയമില്ല. പ്രധാനമന്ത്രി നടത്തുന്ന വെറുമൊരു രാഷ്ട്രീയ ആരോപണങ്ങൾക്ക് പകരം വസ്തുതകൾ മുൻനിർത്തി തന്നോട് നേരിട്ട് സംവാദത്തിൽ ഏർപ്പെടാൻ തയ്യാറാവണമെന്നാണ് രാഹുൽ ഗാന്ധിയുടെ ആവശ്യം. മഹാരാഷ്ട്ര, ഝാർഖണ്ഡ് തിരഞ്ഞെടുപ്പുകൾ പടികടന്നെത്തിനിൽക്കെ രാഹുൽ ഗാന്ധിയുടെ ഈ തുറന്ന പോരുവിളി ദേശീയ രാഷ്ട്രീയത്തിൽ വൻ രാഷ്ട്രീയ പോരിനാണ് വഴിതുറന്നിരിക്കുന്നത്.












