തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥിനികളും വനിതാ വാർഡനും മുങ്ങിമരിച്ചു. പെരുമ്പാക്കത്തിന് സമീപമുള്ള സമുദ്രം തടാകത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. തിരുവണ്ണാമലൈക്ക് സമീപം പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ താമസിച്ച് പഠിക്കുകയായിരുന്ന വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നീ നാല് കുട്ടികളും കേന്ദ്രത്തിലെ വാർഡനായ തെൻമൊഴിയുമാണ് അപകടത്തിൽപ്പെട്ടത്.
ദീപാവലി അവധി പ്രമാണിച്ച് തടാകത്തിൽ കുളിക്കാനായി എത്തിയതായിരുന്നു അഞ്ചംഗ സംഘം. തടാകത്തിൽ ഇറങ്ങിയ കുട്ടികളിൽ ഒരാൾ പെട്ടെന്ന് കായലിലെ ആഴമേറിയ ഭാഗത്തെ ചുഴിയിൽപ്പെടുകയും മുങ്ങിത്താഴുകയുമായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മറ്റു മൂന്ന് വിദ്യാർഥിനികളും അപകടത്തിൽപ്പെടുകയായിരുന്നു. വിദ്യാർഥിനികൾ മുങ്ങിത്താഴുന്നത് കണ്ട് ഇവരെ രക്ഷിക്കാൻ തടാകത്തിലേക്കിറങ്ങിയ വാർഡൻ തെൻമൊഴിയും അപകടത്തിൽപ്പെടുകയും അഞ്ചുപേരും മുങ്ങിമരിക്കുകയുമായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടൻ തന്നെ ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരും പ്രാദേശിക മുങ്ങൽ വിദഗ്ധരും ചേർന്ന് മണിക്കൂറുകൾ നീണ്ട തിരിച്ചിലിനൊടുവിലാണ് അഞ്ചുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ട നടപടികൾക്കായി തിരുവണ്ണാമലൈ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദേശം.












