ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ തലമുറ ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രോപരിതലത്തിൽ ഹ്രസ്വകാല സന്ദർശനങ്ങൾ നടത്തുന്നതിനപ്പുറം, അവിടെ ‘മൂൺ ബേസ്’ (Moon Base) നിർമ്മിച്ച് ദീർഘകാലം താമസിക്കാനും ജോലി ചെയ്യാനും പ്രാപ്തരായവരെ കണ്ടെത്തുകയാണ് നാസയുടെ ലക്ഷ്യം. ആർട്ടെമിസ് (Artemis) ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രനിൽ പ്രവർത്തിക്കുന്നതിനൊപ്പം, ഭാവിയിൽ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യയും അനുഭവസമ്പത്തും വികസിപ്പിച്ചെടുക്കാനും ഈ സംഘം നേതൃത്വം നൽകും.
ചന്ദ്രന്റെ ദക്ഷിണധ്രുവം കേന്ദ്രീകരിച്ചാണ് നാസയുടെ സ്വപ്ന പദ്ധതിയായ മൂൺ ബേസ് വിഭാവനം ചെയ്തിരിക്കുന്നത്. സൂര്യപ്രകാശം ഒട്ടും എത്താത്ത ദക്ഷിണധ്രുവത്തിലെ ഗർത്തങ്ങളിൽ ജലാംശം (Water Ice) ഉണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ഇത് ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങൾക്ക് കുടിവെള്ളവും ഓക്സിജനും റോക്കറ്റ് ഇന്ധനവും ലഭ്യമാക്കാൻ സഹായിക്കും. താമസസൗകര്യങ്ങൾ, പരീക്ഷണശാലകൾ, ഊർജ സംവിധാനങ്ങൾ, റോബോട്ടിക് ഉപകരണങ്ങൾ, ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നതാകും ഈ ചാന്ദ്രത്താവളം.
2028-ഓടെ മനുഷ്യരെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ഇതിനായി ഇലോൺ മസ്കിന്റെ സ്പേസ് എക്സ് (SpaceX), ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ (Blue Origin) തുടങ്ങിയ സ്വകാര്യ ബഹിരാകാശ കമ്പനികളുമായി നാസ സഹകരിക്കുന്നുണ്ട്. 1960-കൾക്ക് ശേഷം ഇതുവരെ 370 പേരെ മാത്രമാണ് നാസ ബഹിരാകാശ സഞ്ചാരികളായി തിരഞ്ഞെടുത്തിട്ടുള്ളത്. നിലവിൽ 32 സജീവ ബഹിരാകാശ സഞ്ചാരികൾ മാത്രമാണ് നാസയിലുള്ളത്.
അമേരിക്കൻ പൗരന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദവും (Master’s Degree), ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. മെഡിക്കൽ ബിരുദധാരികൾക്കും, പി.എച്ച്.ഡി ഗവേഷകർക്കും, അംഗീകൃത ടെസ്റ്റ് പൈലറ്റ് സ്കൂൾ പരിശീലനം പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.
പൈലറ്റുമാർക്ക് നിശ്ചിത മണിക്കൂർ വിമാനം പറത്തിയതിന്റെ പരിചയം (750 മുതൽ 1,500 മണിക്കൂർ വരെ) നിർബന്ധമാണ്. ഇതിനുപുറമെ നാസയുടെ കർശനമായ ശാരീരിക-മാനസിക ക്ഷമതാ പരിശോധനയും വിജയിക്കണം. നേതൃത്വപാടവം, ആശയവിനിമയ ശേഷി, പ്രതിസന്ധി ഘട്ടങ്ങളിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാനുള്ള കഴിവ് എന്നിവയും തിരഞ്ഞെടുപ്പിന് മാനദണ്ഡമാകും.
ഡിസംബർ നാലിന് ഇന്ത്യൻ സമയം രാവിലെ 10.29 വരെ (അമേരിക്കൻ സമയം ഡിസംബർ 3 രാത്രി 11.59) USAJOBS പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. 2027 അവസാനത്തോടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2028 തുടക്കത്തിൽ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ ഏകദേശം രണ്ട് വർഷത്തെ കഠിന പരിശീലനം നൽകും. സ്പേസ് വാക്കിങ്, ബഹിരാകാശ പേടകങ്ങളുടെ നിയന്ത്രണം, റഷ്യൻ ഭാഷാ പഠനം, റോബോട്ടിക് ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവയിലാകും പരിശീലനം.












