ദീപാവലി ആഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് രാഷ്ട്രപതി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികൾ ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടലിൽ പിടിയിലായി. ബാഗ്പത് ജില്ലയിലെ രമാല പോലീസാണ് പ്രതികളായ ധീരജ്, സഹോദരൻ പ്രവീൺ തോമർ എന്ന മോനു എന്നിവരെ സാഹസികമായി പിടികൂടിയത്. ഏറ്റുമുട്ടലിൽ മുഖ്യപ്രതിയായ ധീരജിന്റെ കാലിന് വെടിയേറ്റു. ഓടി രക്ഷപ്പെട്ട് സമീപത്തെ കരിമ്പിൻ തോട്ടത്തിൽ ഒളിച്ച പ്രവീണിനെ പോലീസ് പ്രദേശം വളഞ്ഞ് പിടികൂടുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ബുധ്പൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിലെ ഒരു കുഴൽക്കിണറിന് പിന്നിൽ പ്രതികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് സംഘം പ്രദേശം വളഞ്ഞതോടെ പ്രതികൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സ്വയരക്ഷാർത്ഥം പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ധീരജിന് വെടിയേറ്റത്. പരിക്കേറ്റ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവംബർ എട്ടിന് ദീപാവലി രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗോപാൽപൂർ ഖദാന ഗ്രാമത്തിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച തർക്കം വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പ്രകോപിതരായ ധീരജും സഹോദരൻ പ്രവീണും നാടൻ തോക്കുകൾ ഉപയോഗിച്ച് രാഷ്ട്രപതി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സൗരഭ് കുമാറിന് നേരെ വെടിയുതിർത്തു. ആക്രമണത്തിൽ സൗരഭിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തടയാൻ ശ്രമിച്ച സൗരഭിന്റെ സഹോദരൻ വിനീതിന്റെ തലയ്ക്ക് പ്രതികൾ വടികൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ ബാഗ്പത് പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇരുവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ വീതം പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ പ്രതികളിൽ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച രണ്ട് .315 ബോർ നാടൻ തോക്കുകളും, രണ്ട് തിരകളും, മൂന്ന് വെടിയുണ്ടകളുടെ അവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തു. മുഖ്യപ്രതിയായ ധീരജ് നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വധശ്രമം ഉൾപ്പെടെ മൂന്ന് കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇരുവരുടെയും അറസ്റ്റോടെ കേസിലെ പ്രധാന പ്രതികളെല്ലാം പോലീസ് കസ്റ്റഡിയിലായിരിക്കുകയാണ്.











