കൊല്ലം: ലോട്ടറി ടിക്കറ്റിന്റെ നമ്പറിൽ കൃത്രിമം കാണിച്ച് വയോധികനായ ലോട്ടറി വിൽപനക്കാരനിൽ നിന്ന് പണം തട്ടിയതായി പരാതി. വാളതുംഗൽ ഗുരുമന്ദിരത്തിന് സമീപം പപ്പടവും ലോട്ടറിയും വിറ്റ് ഉപജീവനം നടത്തുന്ന ചാണയിൽ തിട്ടയിൽ മോഹനൻ (75) ആണ് തട്ടിപ്പിനിരയായത്. ടിക്കറ്റിന്റെ അവസാന അക്കമായ ‘5’ എന്നത് വിദഗ്ധമായി ‘3’ ആക്കി തിരുത്തിയായിരുന്നു അജ്ഞാതനായ യുവാവ് പണം തട്ടിയെടുത്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.
ലോട്ടറി ടിക്കറ്റുമായി എത്തിയ യുവാവ് തനിക്ക് 1,000 രൂപയുടെ സമ്മാനം അടിച്ചിട്ടുണ്ടെന്ന് മോഹനനെ വിശ്വസിപ്പിക്കുകയായിരുന്നു. പ്രായാധിക്യവും കാഴ്ചക്കുറവുമുള്ള മോഹനൻ ടിക്കറ്റിലെ നമ്പർ ഒത്തുനോക്കിയപ്പോൾ അവസാന അക്കം ‘3’ ആണെന്ന് കരുതി സമ്മാനത്തുകയായ 1,000 രൂപ യുവാവിന് കൈമാറി. എന്നാൽ, പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് ടിക്കറ്റിലെ ‘5’ എന്ന അക്കം പേന ഉപയോഗിച്ചോ മറ്റോ തിരുത്തി ‘3’ ആക്കി മാറ്റിയതാണെന്ന് തിരിച്ചറിഞ്ഞത്.
തട്ടിപ്പ് മനസ്സിലാക്കിയപ്പോഴേക്കും യുവാവ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. നിത്യചെലവിനും മരുന്നിനുമായി കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന തനിക്ക് 1,000 രൂപ എന്നത് വലിയൊരു തുകയാണെന്നും, പകലന്തിയോളം അധ്വാനിച്ച് ഉണ്ടാക്കുന്ന പണമാണ് ഇത്തരത്തിൽ നഷ്ടമായതെന്നും മോഹനൻ സങ്കടത്തോടെ പറയുന്നു.
സംഭവത്തെത്തുടർന്ന് മോഹനൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്തെ കടകളിലെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പുകാരനായ യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. പ്രായമായ ലോട്ടറി വിൽപനക്കാരെ ലക്ഷ്യമിട്ട് ഇത്തരം തട്ടിപ്പ് സംഘങ്ങൾ ജില്ലയിൽ സജീവമാകുന്നുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.











