ധാക്ക/ന്യൂഡൽഹി: അറസ്റ്റ്, ജയിൽവാസം, വധഭീഷണി എന്നിവയൊന്നും തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കില്ലെന്നും, സ്വന്തം ജനതയിൽ നിന്ന് അകന്നു നിൽക്കുന്നതിനേക്കാൾ സ്വന്തം മണ്ണിൽ മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന് (IANS) നൽകിയ അപൂർവ്വ ഓഡിയോ അഭിമുഖത്തിലാണ് ഹസീന തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ പാർട്ടിയായ അവാമി ലീഗിന് മേലുള്ള നിരോധനത്തെ ചോദ്യം ചെയ്ത അവർ, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടിയെ അനുവദിക്കണമെന്നും പാർട്ടിയുടെ രാഷ്ട്രീയ ഭാവി വോട്ടർമാർ തീരുമാനിക്കട്ടെയെന്നും വെല്ലുവിളിച്ചു.
രാജ്യത്ത് കാലുകുത്തുന്ന നിമിഷം തന്നെ തന്നെ അറസ്റ്റ് ചെയ്തേക്കാം, ജയിലിലടച്ചേക്കാം, ഒരുപക്ഷേ കൊല്ലാൻ പോലും ശ്രമിച്ചേക്കാം എന്നും എന്നാൽ ഭയം ഒരിക്കലും ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് തന്നെ തടഞ്ഞിട്ടില്ലെന്നും ഹസീന പറഞ്ഞു. 2024 ഓഗസ്റ്റിലുണ്ടായ പ്രക്ഷോഭങ്ങളെത്തുടർന്ന് രാജ്യം വിട്ട ശേഷം ഇതാദ്യമായാണ് മടങ്ങിവരവിനെക്കുറിച്ച് അവർ ഇത്രയും ശക്തമായി പ്രതികരിക്കുന്നത്.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ ഇടക്കാല സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഹസീന ഉന്നയിച്ചത്. ഇടക്കാല സർക്കാർ അവാമി ലീഗ് നേതാക്കളെയും പ്രവർത്തകരെയും വേട്ടയാടുകയാണെന്നും സാധാരണക്കാരായ പൗരന്മാർ നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടെന്നും അവർ കുറ്റപ്പെടുത്തി. 2024-ലെ പ്രക്ഷോഭത്തിനിടെയുണ്ടായ മരണങ്ങളെക്കുറിച്ച് താൻ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ഇടക്കാല സർക്കാർ അധികാരത്തിലെത്തിയ ഉടൻ നിർത്തിവെച്ചതായും ഹസീന ആരോപിച്ചു.
നിരപരാധികളെ കൊല്ലാൻ താൻ ഒരിക്കലും ഉത്തരവിട്ടിട്ടില്ലെന്നും ആ ആരോപണം പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും അവർ വ്യക്തമാക്കി. ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിന്റെ (International Crimes Tribunal) നടപടികളെയും വിധിയെയും തള്ളിക്കളഞ്ഞ ഹസീന, സ്വയം പ്രതിരോധിക്കാൻ തനിക്ക് ന്യായമായ അവസരം നിഷേധിക്കപ്പെട്ടതായും ആരോപിച്ചു. വിധിയെ ചോദ്യം ചെയ്യാനുള്ള നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
2025 മെയ് 12-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് അവാമി ലീഗിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചത്. ഒരു ഭരണപരമായ ഉത്തരവിലൂടെ പാർട്ടിയുടെ രാഷ്ട്രീയ പാരമ്പര്യം ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഹസീന വാദിച്ചു. ജനങ്ങൾ അവാമി ലീഗിനെ തള്ളിക്കളഞ്ഞുവെന്നാണ് അധികാരത്തിലുള്ളവർ വിശ്വസിക്കുന്നതെങ്കിൽ, എന്തുകൊണ്ടാണ് സ്വതന്ത്രവും നീതിയുക്തവുമായ ഒരു തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ തങ്ങളെ അനുവദിക്കാത്തതെന്ന് അവർ ചോദിച്ചു. തിരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തിയാലും ഇല്ലെങ്കിലും ജനവിധി അംഗീകരിക്കാൻ പാർട്ടി തയ്യാറാണെന്നും ബംഗ്ലാദേശിന്റെ ഭാവി നേതൃത്വത്തെ തിരഞ്ഞെടുപ്പിലൂടെയാണ് തീരുമാനിക്കേണ്ടതെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.












