മലപ്പുറം: സൗന്ദര്യവർധക ഫെയ്സ് ക്രീമുകളുടെ ഉപയോഗം തന്നെയും ഗുരുതര രോഗിയാക്കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ. വിപണിയിൽ ലഭിക്കുന്ന വൈറ്റനിങ് ക്രീമുകൾ ഉപയോഗിച്ചതിനെ തുടർന്ന് ശരീരത്തിൽ ഗുരുതരമായ അണുബാധയുണ്ടായതായും, മാസങ്ങളോളം ചികിത്സ തേടേണ്ടി വന്നതായും അദ്ദേഹം തുറന്നുപറഞ്ഞു. അരീക്കോട് സ്വദേശിയായ 17 വയസ്സുകാരിക്ക് ഫെയ്സ് ക്രീമിലെ അമിത മെർക്കുറി അംശം മൂലം ‘മെംബ്രനസ് നെഫ്രോപ്പതി’ (Membranous Nephropathy) എന്ന ഗുരുതര വൃക്കരോഗം ബാധിച്ചെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിറം വെക്കാനായി ഉപയോഗിച്ച ക്രീം പുരട്ടി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മുഖത്ത് വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരുന്നുവെന്ന് സലീം കോടത്തൂർ പറയുന്നു. എന്നാൽ, പിന്നീടാണ് ഇതിന്റെ മാരകമായ പാർശ്വഫലങ്ങൾ ശരീരത്തെ ബാധിച്ചു തുടങ്ങിയത്. ശരീരത്തിൽ അണുബാധ പടർന്നതോടെ കണ്ണിനും കാലിനും കടുത്ത നീര് വന്നു.വേദന സഹിക്കവയ്യാതായെങ്കിലും വൃക്കകളെയും കരളിനെയും ബാധിക്കുമെന്നതിനാൽ ഒരു പെയിൻകില്ലർ (വേദനസംഹാരി) പോലും ഉപയോഗിക്കാൻ കഴിയാത്ത ദയനീയ അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
രോഗം മൂർച്ഛിച്ചതോടെ മാസങ്ങളോളം തുടർച്ചയായ ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നു. ഇതുമൂലം നേരത്തെ നിശ്ചയിച്ചിരുന്ന ഒട്ടേറെ കലാപരിപാടികളും സ്റ്റേജ് ഷോകളും മാറ്റിവയ്ക്കേണ്ടി വന്നു. ഈ ഒരൊറ്റ അബദ്ധം തന്നെ ശാരീരികമായും മാനസികമായും സാമ്പത്തികമായും പൂർണ്ണമായും തകർത്തുകളഞ്ഞുവെന്നും സലീം കോടത്തൂർ വേദനയോടെ പങ്കുവെച്ചു.
കൃത്യമായ മാനദണ്ഡങ്ങളില്ലാതെ വിപണിയിൽ സുലഭമായി ലഭിക്കുന്ന ഇത്തരം വ്യാജ സൗന്ദര്യവർധക ക്രീമുകളിൽ മെർക്കുറി, സ്റ്റിറോയ്ഡുകൾ തുടങ്ങിയ മാരക രാസവസ്തുക്കൾ വൻതോതിൽ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിറം വെക്കാനുള്ള മോഹത്തിൽ ആരും ഇത്തരം കെണികളിൽ വീണ് ആരോഗ്യവും ജീവിതവും നശിപ്പിക്കരുതെന്ന മുന്നറിയിപ്പ് കൂടിയാണ് സലീം കോടത്തൂരിന്റെ ഈ തുറന്നുപറച്ചിൽ.












