മനാമ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും ശക്തമാക്കി ബഹ്റൈന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം.ബഹ്റൈനിലെ അൽ-റിഫ (Al-Riffa), അവാലി (Awali) എന്നീ സൈനിക താവളങ്ങളിലുള്ള രണ്ട് അമേരിക്കൻ പാട്രിയറ്റ് (Patriot) വ്യോമപ്രതിരോധ റഡാർ കേന്ദ്രങ്ങൾ തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. എന്നാൽ, ഈ അവകാശവാദം പൂർണ്ണമായും തള്ളിക്കളഞ്ഞ ബഹ്റൈൻ, ആക്രമണത്തിൽ ഒരു സിവിലിയൻ വ്യവസായ കേന്ദ്രത്തിനാണ് തീപിടിച്ചതെന്ന് വ്യക്തമാക്കി.
തങ്ങളുടെ വ്യോമാതിർത്തിയിൽ അമേരിക്കയുടെ എംക്യു-1 (MQ-1), എംക്യു-9 (MQ-9) എന്നീ നിരീക്ഷണ-ആക്രമണ ഡ്രോണുകൾ തുടർച്ചയായി കടന്നുകയറുന്നതിനും, ഇറാന്റെ ഹെൻഗാം ദ്വീപിലെ (Hengam Island) റഡാർ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിനും തിരിച്ചടിയായാണ് ഈ നീക്കമെന്ന് ഐആർജിസി എയറോസ്പേസ് ഫോഴ്സ് അറിയിച്ചു. തങ്ങളുടെ ആകാശം ‘റെഡ് ലൈൻ’ (Red Line) ആണെന്നും ഇനി അതിർത്തി ലംഘനമുണ്ടായാൽ അതിശക്തമായ സൈനിക തിരിച്ചടിയുണ്ടാകുമെന്നും ഐആർജിസി കമാൻഡർ-ഇൻ-ചീഫ് അഹമ്മദ് വാഹിദി മുന്നറിയിപ്പ് നൽകി.
അതേസമയം, യുഎസ് സൈനിക റഡാറുകൾ തകർത്തെന്ന ഇറാന്റെ വാദം ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി നിഷേധിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഒരു സിവിലിയൻ വ്യവസായ കേന്ദ്രത്തിനാണ് നാശനഷ്ടങ്ങളും തീപിടിത്തവുമുണ്ടായതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിവിൽ ഡിഫൻസ് വിഭാഗം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.ആക്രമണത്തിന് പിന്നാലെ ബഹ്റൈൻ വ്യോമപ്രതിരോധ സേന നിരവധി ഇറാനിയൻ ഡ്രോണുകളെയും മിസൈലുകളെയും ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബഹ്റൈന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇറാൻ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനെ (UN Security Council) സമീപിച്ചു. സഖ്യകക്ഷികളുമായി ചേർന്ന് തിരിച്ചടിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ബഹ്റൈൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗൾഫ് സഹകരണ കൗൺസിലും (GCC) ജോർദാനും ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇതിനിടെ ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണങ്ങളുണ്ടായതും, ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ഭേദിക്കാൻ ഇറാൻ കപ്പലുകൾ തയ്യാറെടുക്കുന്നതും ഗൾഫ് മേഖലയിൽ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.












