ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ‘ബാലെൻ’ ഷാ (Balen Shah) രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. കഴിഞ്ഞ മാർച്ചിൽ നേപ്പാളിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷി വിദേശ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് 24 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി റാപ്പർ കൂടിയായ ഈ യുവ നേതാവ് ഡൽഹിയിലെത്തുന്നത്. നാളെ (നവംബർ 23) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലെൻ ഷാ ഉഭയകക്ഷി ചർച്ചകൾ നടത്തും.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഏകദേശം രണ്ട് ബില്യൺ ഡോളറിന്റെ (ഏകദേശം 16,500 കോടിയിലധികം രൂപ) വമ്പൻ സാമ്പത്തിക പാക്കേജ് സന്ദർശന വേളയിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അയൽരാജ്യങ്ങൾക്ക് നൽകുന്ന ഏറ്റവും വലിയ സാമ്പത്തിക സഹായങ്ങളിൽ ഒന്നായിരിക്കും ഇത്. കഴിഞ്ഞ ഓഗസ്റ്റിൽ നേപ്പാളിലുണ്ടായ പ്രളയത്തിന് ശേഷമുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജ മേഖലയിലെ സഹകരണം, റോഡ്-റെയിൽ ഗതാഗത ബന്ധം, വ്യാപാരം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണമായിരിക്കും ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയിലെ പ്രധാന അജണ്ട.
ഇന്ത്യയുടെ ‘അയൽപക്കത്തിന് ആദ്യ പരിഗണന’ (Neighbourhood First) എന്ന നയത്തിന് നേപ്പാളിനോടുള്ള പ്രാധാന്യമാണ് ഈ സന്ദർശനം വ്യക്തമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചരിത്രപരവും സാംസ്കാരികവുമായ ആഴത്തിലുള്ള ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും സ്റ്റാർട്ടപ്പുകൾ, സാങ്കേതികവിദ്യ, കായികം തുടങ്ങിയ പുതിയ മേഖലകളിലേക്കും സഹകരണം വ്യാപിപ്പിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സന്ദർശന വേളയിൽ ബാലെൻ ഷാ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിക്കുകയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ, ധനമന്ത്രി സ്വർണിം വാഗ്ലെ, പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് കുമാർ ബ്യഞ്ജങ്കർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഉന്നതതല സംഘവും വ്യവസായ പ്രതിനിധികളും ബാലെൻ ഷായെ അനുഗമിക്കുന്നുണ്ട്. സന്ദർശനം പൂർത്തിയാക്കി നാളെ വൈകുന്നേരത്തോടെ അദ്ദേഹം കാഠ്മണ്ഡുവിലേക്ക് മടങ്ങും.











