കൊച്ചി: സിനിമകളിൽ കാണുന്നതുപോലെ നെഞ്ചിൽ കൈവെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുന്നത് മാത്രമല്ല യഥാർത്ഥ ജീവിതത്തിലെ ഹൃദയാഘാതമെന്നും, പലപ്പോഴും ദഹനക്കേടോ പേശിവലിവോ ആണെന്ന് കരുതി നമ്മൾ അവഗണിക്കുന്ന ചെറിയ അസ്വസ്ഥതകളാകാം വലിയ അപകടത്തിന്റെ ആദ്യ സൂചനയെന്നും പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ. രാജ്കോട്ടിലെ എച്ച്‌സിജി ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ദിനേശ് രാജ് ആണ് ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ചും നിശ്ശബ്ദ സൂചനകളെക്കുറിച്ചും നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്. ഇന്ത്യൻ ഹാർട്ട് അസോസിയേഷന്റെ കണക്കുകൾ പ്രകാരം യുവാക്കളിലുൾപ്പെടെ ഹൃദയാഘാത മരണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.
ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ആദ്യ ലക്ഷണം നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതയാണ്. എന്നാൽ ഇത് എപ്പോഴും മൂർച്ചയുള്ളതോ കുത്തിക്കയറുന്നതോ ആയ വേദനയാകണമെന്നില്ലെന്ന് ഡോ. ദിനേശ് വ്യക്തമാക്കുന്നു. നെഞ്ചിൽ വലിയൊരു ഭാരം കയറ്റിവെച്ചതുപോലെയുള്ള സമ്മർദ്ദം, നെഞ്ചിന്റെ മധ്യഭാഗത്ത് അനുഭവപ്പെടുന്ന നേരിയ വേദന അല്ലെങ്കിൽ തിങ്ങിനിറഞ്ഞ അവസ്ഥ എന്നിവയാണ് പലരും അനുഭവിക്കുന്നത്. ഈ അസ്വസ്ഥത ഏതാനും മിനിറ്റുകളിൽ കൂടുതൽ നീണ്ടുനിൽക്കുകയോ, ഇടവിട്ട് വരികയും പോവുകയും ചെയ്യുകയോ ചെയ്താൽ ഉടൻ ശ്രദ്ധിക്കണം. ‘സമയമാണ് പേശി’ (Time is muscle) എന്നതിനാൽ എത്രയും വേഗം ലക്ഷണം തിരിച്ചറിയുന്നുവോ അത്രത്തോളം ഹൃദയപേശികളെ നാശത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കും.
ഹൃദയാഘാതത്തിന്റെ വേദന എപ്പോഴും നെഞ്ചിൽ നിന്ന് തന്നെ തുടങ്ങണമെന്നില്ല എന്നതും പലർക്കും അറിയാത്ത കാര്യമാണ്. നാഡീവ്യൂഹങ്ങളുടെ പ്രത്യേകത കാരണം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആദ്യ ലക്ഷണങ്ങൾ പ്രകടമാകാം. ഇടതുകൈയിലോ ചിലപ്പോൾ ഇരുകൈകളിലുമോ ഉണ്ടാകുന്ന അകാരണമായ വേദനയും തരിപ്പും, പല്ലുവേദനയെന്നോ തൊണ്ടവേദനയെന്നോ തെറ്റിദ്ധരിക്കപ്പെടുന്ന താടിയെല്ലിലെയും കഴുത്തിലെയും വേദന, തോളെല്ലുകൾക്കിടയിലുള്ള പുറംവേദന എന്നിവയൊക്കെ ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പുകളാകാം.
സ്ത്രീകൾ, പ്രായമായവർ, പ്രമേഹരോഗികൾ എന്നിവരിൽ നെഞ്ചുവേദനയ്ക്ക് പകരം ‘നിശ്ശബ്ദ ലക്ഷണങ്ങളാണ്’ (Silent symptoms) കൂടുതലായി കണ്ടുവരുന്നത്. ഒരിടത്ത് നിൽക്കുമ്പോൾ പോലും ഒരു മാരത്തൺ ഓടിയതുപോലെയുള്ള കടുത്ത ക്ഷീണം, കഠിനമായ ജോലികളൊന്നും ചെയ്യാതെ തന്നെ അനുഭവപ്പെടുന്ന ശ്വാസംമുട്ടൽ, ഭക്ഷ്യവിഷബാധയെന്നോ പനിയെന്നോ തെറ്റിദ്ധരിക്കപ്പെടുന്ന ഓക്കാനവും തണുത്ത വിയർപ്പും എന്നിവ ഇതിൽ ഉൾപ്പെടുന്നു. അരയ്ക്ക് മുകളിലായി പെട്ടെന്ന് എന്തെങ്കിലും അസ്വാഭാവികതയോ ശരിയല്ലെന്ന തോന്നലോ അനുഭവപ്പെട്ടാൽ അത് തനിയെ മാറുമെന്ന് കരുതി കാത്തിരിക്കരുതെന്നും, ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടുകയാണ് വേണ്ടതെന്നും ഡോ. ദിനേശ് രാജ് ഓർമ്മിപ്പിക്കുന്നു.











