തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരത്ത് നിന്ന് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്ന വിഷയത്തില്‍ വീണ്ടും നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടിക്കിട്ടാന്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ കഴിയുമോ എന്ന കാര്യത്തിലാണ് അഡ്വക്കെറ്റ് ജനറലിനോട് നിയമോപദേശം തേടിയത്.
മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ സമയം നീട്ടി നല്കാന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ഒരിക്കല്‍ കൂടി സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാറിന് നീക്കമുണ്ട്. മൂന്ന് മാസത്തേക്കെങ്കിലും സമയപരിധി നീട്ടി നല്കിയാല് പാതയോരത്തെ എല്ലാ മദ്യശാലകളും മാറ്റി സ്ഥാപിക്കാമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ദേശീയ, സംസ്ഥാന പാതയോരത്തിന് 500 മീറ്റര്‍ ചുറ്റളവിലുള്ള കള്ള് ഷാപ്പ് അടക്കമുള്ള എല്ലാ മദ്യശാലകളും മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഏപ്രില്‍ ഒന്നിനാണ് പ്രാബല്യത്തിലായത്. ഇതുപ്രകാരം 11 പഞ്ചനക്ഷത്രബാറുകള്‍ അടച്ചുപൂട്ടിയിരുന്നു.
ബിവറേജസ് കോര്പറേഷന് 270 ചില്ലറ വിപണന കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 180 എണ്ണമാണ് മാറ്റിസ്ഥാപിക്കേണ്ടത്. എന്നാല്‍, 46 എണ്ണം മാത്രമേ മാറ്റാന്‍ സാധിച്ചിട്ടുള്ളൂ. 134 എണ്ണം മാറ്റാനുള്ള ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. കണ്‍സ്യൂമര്‍ഫെഡിന് മൂന്ന് ബിയര്‍, വൈന്‍ വില്പനകേന്ദ്രങ്ങള് ഉള്‍പ്പെടെ 36 ചില്ലറ വിപണന കേന്ദ്രങ്ങളാണുള്ളത്. ഇവയില്‍ 30 എണ്ണമാണ് മാറ്റേണ്ടത്. എന്നാല്‍, 11 എണ്ണം മാത്രമേ മാറ്റാനായിട്ടുള്ളൂ.
Discussion about this post