വാഗമണ്‍: കാഞ്ഞിരപ്പള്ളി താലൂക്കില്‍ 40 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതായി ആരോപണം. കൂട്ടിക്കല്‍ തങ്ങള്‍പാറയിലെ വന്മലയിലാണ് കയ്യേറ്റം. വിവിധ സര്‍വേ നമ്പറുകളിലായി വ്യാജരേഖകളുണ്ടാക്കിയാണ് ഭൂമി കൈയേറിയത്. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ മറികടന്ന് മലയിടിച്ച് ഇവിടെ തലങ്ങും വിലങ്ങും റോഡ് നിര്‍മ്മാണവും പുരോഗമിക്കുന്നു.
കയ്യേറ്റക്കാരില്‍ ഇടുക്കി ചിന്നക്കലാലിലെ വിവാദ കയ്യേറ്റ കുടുംബമായ വെള്ളൂക്കുന്നേല്‍ കുടുംബാംഗവും ഉള്‍പ്പെടുന്നതായി പറയപ്പെടുന്നു. ജോസഫ് വെള്ളൂക്കുന്നേലിന്റെ മകന് പി.ജെ. ജേക്കബ് എന്നയാള്‍ ആറേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായാണ് ആരോപണം. വ്യാജരേഖകള്‍ ചമച്ച് ഇതിന് പട്ടയവും സംഘടിപ്പിച്ചതായി പറയുന്നു. മറ്റൊരാളുടെ പേരില്‍ ഇയാള്‍ അഞ്ചരയേക്കര്‍ വേറെയും കൈയേറിയിട്ടുണ്ട്. പലര് ചേര്‍ന്നാണ് ബാക്കി സ്ഥലം കൈയേറിയിരിക്കുന്നത്. കൂട്ടിക്കല്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 79 ല്‍ വരുന്ന റീ സര്‍വേ നമ്പരുകളായ 73, 71, 74, 1 എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ ഭൂമി കയ്യേറിയിരിക്കുന്നത്. നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന വന്മലയിലെ അപ്രധാന സ്ഥലങ്ങളില്‍ ചെറിയ പട്ടയങ്ങള്‍ സംഘടിപ്പിച്ച ശേഷം അതുപയോഗിച്ച് കോടികള്‍ വിലമതിക്കുന്ന ഭൂമി കൈയേറുകയാണ് ഇവരുടെ രീതി. യഥാര്ഥപട്ടയഭൂമിയുടെ ഫയലുകളടക്കം മാറ്റി വളരെ അകലെയുള്ള വസ്തുവിന്റെ രേഖകള്‍ ഉപയോഗിച്ച് വില്ലേജ്, താലൂക്ക്, സര്‍വേ, പഞ്ചായത്ത് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് കൈയേറ്റ ഭൂമികളില്‍ നിര്‍മാണം.
അതേസമയം, തങ്ങള്‍പാറയില്‍ കയ്യേറ്റമില്ലെന്നാണ് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ പറഞ്ഞത്. പ്രകൃതിക്ക് രൂപമാറ്റം വരുത്തി നടത്തുന്ന റോഡ് നിര്‍മാണത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പൂവരണി ദേവസ്വത്തിന്റെ സ്ഥലമായിരുന്നു ഈ പ്രദേശം. 1983-85 കാലഘട്ടത്തില്‍ ലാന്‍ഡ് ട്രിബ്യൂണലാണ് ഇവിടെ പട്ടയം നല്‍കിയിരിക്കുന്നതെന്നും തഹസില്‍ദാര്‍ പറയുന്നു. എന്നാല്‍, നിലവില്‍ കൈവശം വെച്ചിരിക്കുന്നയാളുകളുടെ സ്ഥലം മറ്റൊരിടത്താണെന്നതിന് തെളിവുണ്ടെന്ന് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.
Discussion about this post