തൃശ്ശൂര്‍: പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മകളുടെ ആഡംബര വിവാഹം നടത്തിയ നാട്ടിക എംഎല്‍എ ഗീതാ ഗോപിയോട് സിപിഐ വിശദീകരണം തേടി. തൃശ്ശൂര്‍ ജില്ലാ കൗണ്‍സിലിനോട് സംസ്ഥാന എക്സിക്യൂട്ടിവാണ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി നടന്ന വിവാഹത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ അണിഞ്ഞ് ഗീതാ ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
പ്രമുഖ സിപിഐ നേതാക്കള്‍ പങ്കെടുത്ത കല്ല്യാണത്തിന് എംഎല്‍എയുടെ മകള്‍ അണിഞ്ഞത് 200 പവനിലധികം സ്വര്‍ണമാണ്. സ്വര്‍ണമടക്കം വസ്ത്രങ്ങള്‍ക്കും മറ്റു ചെലവുകള്‍ക്കുമായി ചെലവാക്കിയതാകട്ടെ ഒരു കോടിയിലധികം രൂപയാണ്.
ആഡംബരം വിവാഹങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സിപിഐയുടെ മുതിര്‍ന്ന നേതാവ് മുല്ലക്കര രത്നാകരന് പ്രസംഗിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള അംഗവും എംഎല്‍എയുമായ ഗീതാ ഗോപിയുടെ മകളുടെ വിവാഹം ആഡംബരമായി നടന്നത്.
Discussion about this post