തിരുവനന്തപുരം: കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് മൂന്നാറില്‍ നിന്നുമുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു കത്ത് നല്കി. മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് സ്ഥലും കെട്ടിട്ടവും ഒഴിപ്പിക്കുന്നതിന് ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടത്.
എസ് രാജേന്ദ്രന് എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് എകെ മണി, സിപിഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സിഎ കുര്യന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ശ്രീറാമിനെ ദേവികുളം സബ്കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് സംഘത്തിന്റെ പ്രധാന ആവശ്യം. ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. മൂന്നാര്‍ വില്ലേജ് ഓഫീസ് നിര്‍മിക്കുന്നതിനായി പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് സ്ഥലം കണ്ടുക്കെട്ടാനാണ് സബ്കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. 12 വര്‍ഷമായി സ്വകാര്യ വ്യക്തി കൈവശം വെച്ചിരിക്കുന്ന ഭൂമിയാണിത്. 1948 മുതല്‍ ഡിസ്റ്റിലറിക്കായി സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമിയാണിതെന്നും 1996-ല്‍ എകെ ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിക്കുന്നത് വരെ ഈ സ്ഥലം ചില അബ്കാരികളുടെ കൈവശമായിരുന്നെന്നും കത്തില്‍ സംഘം ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കന്‍ നടപടിയുമായി മുന്നോട്ട് പോകുന്നത് എന്നാണ് മൂന്നാറിലെ റവന്യു ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. മുഖ്യമന്ത്രി വിളിച്ചുക്കൂട്ടിയ യോഗത്തിലെ ധാരണകള്‍ ലംഘിച്ചിട്ടില്ല. കുടിയേറ്റ കര്‍ഷകര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. പത്ത് സെന്റിന് താഴെയുള്ള ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു.
സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ച ഫോര്‍ട്ട്കൊച്ചി സബ്കളക്ടര്‍ അദീല അബ്ദുള്ളയെ സ്ഥലം മാറ്റാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
Discussion about this post