വനിതാ ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ. അക്ഷരാര്‍ഥത്തില്‍ കിവീസിന്റെ ചിറകരിഞ്ഞ് തള്ളിയായിരുന്നു ഇന്ത്യന്‍ പെണ്‍പുലികളുടെ പടയോട്ടം. 186 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുത്തതു മുതല്‍ അവര്‍ക്ക് പിഴച്ചു. കേവലം 21 റണ്‍സ് സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ക്കുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരെ പറഞ്ഞയച്ച കിവീസ് ബോളര്‍മാര്‍ ആധിപത്യം നേടിയെന്ന് പ്രതീക്ഷിച്ചെങ്കിലും നായിക മിഥാലി രാജും ഹര്‍മന്‍പ്രീത് കൌറും ക്രീസില്‍ നിലയുറപ്പിച്ചതോടെ കളി ഇന്ത്യയുടെ വരുതിയിലായി. മിഥാലിയുടെ ശതകവും കൌറിന്റെ അര്‍ധ ശതകവും ഇന്ത്യയുടെ സ്കോര്‍ 150 കടത്തി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 132 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. 60 റണ്‍സുമായി കൌര്‍ വീണതോടെ കിവീസ് വീണ്ടും വേട്ട തുടങ്ങി. കൌറിന് തൊട്ടുപിന്നാലെ അക്കൌണ്ട് തുറക്കാതെ ദീപ്തി ശര്‍മ കൂടാരം കയറി. എന്നാല്‍ വേദ കൃഷ്ണമൂര്‍ത്തി എന്ന വെടിക്കെട്ട് താരം ക്രീസില്‍ തീപ്പൊരി പാറിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ പറന്നുകയറി. 45 പന്തില്‍ നിന്ന് 70 റണ്‍സാണ് വേദ അടിച്ചുകൂട്ടിയത്. ഇതിനിടെ 109 റണ്‍സുമായി മിഥാലി രാജ് പുറത്താകുമ്പോള്‍ ഇന്ത്യ സുരക്ഷിത താവളത്തിലെത്തിയിരുന്നു. തൊട്ടുപിന്നാലെ വേദയേയും കിവീസ് പറഞ്ഞുവിട്ടു. എന്നാല്‍ മിഥാലിയും വേദയും ഉള്‍പ്പെടെ മൂന്നു വിക്കറ്റുകള്‍ വീണത് അവസാന ഓവറിലായിരുന്നു എന്നു മാത്രം.
മറുപടി ബാറ്റിങിനിറങ്ങിയ കിവീസിന് ഒരു ഘട്ടത്തിലും നിലയുറപ്പിക്കാനായില്ല. തുടക്കം മുതല്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റ് ഇളക്കി തുടങ്ങിയതോടെ പറക്കാന്‍ പഠിക്കും മുമ്പ് തന്നെ കിവീസിന്റെ ചിറക് വാടി. ഓപ്പണര്‍മാര്‍ മുതല്‍ മുന്‍നിരയും മധ്യനിരയും വാലറ്റവും ഒരുപോലെ തകര്‍ന്നു വീണതോടെ കിവീസിന്റെ പതനം പ്രതീക്ഷിച്ചതിലും വേഗത്തിലായി. 25.3 ഓവറില്‍ കേവലം 79 റണ്‍സ് എടുക്കുന്നതിനിടെ കിവീസിന് തിരശീല വീണു. 26 റണ്‍സെടുത്ത ആമിയാണ് കിവീസിന്റെ ടോപ് സ്കോറര്‍. കിവീസിന്റെ അടിവേര് തോണ്ടിയ രാജേശ്വരി ഗെയ്ക്വാദ് അഞ്ച് വിക്കറ്റുകള്‍ കൊയ്തെടുത്തു.
Discussion about this post