ക്വലാലംപുർ:അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പിൽ വീണ്ടും കിരീടം നിലനിർത്തി ഇന്ത്യ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യൻമാരായത്. ദക്ഷിണാഫ്രിക്കയുയർത്തിയ 83 റൺസ് വിജയലക്ഷ്യത്തിലേക്ക് 11.2 ഓവറിൽ ഇന്ത്യയെത്തി.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 82 റൺസിന് ഓൾഔട്ടായിരുന്നു. 23 റൺസെടുത്ത സിക് വാൻ വൂസ്റ്റാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്‌കോറർ. ഓപ്പണർ ജെമ്മ ബോത്ത 16 റൺസും ഫേ കൗളിങ് 15 റൺസുമെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പർ കരാബോ മീസോ 10 റണ്ണെടുത്തു
മറുപടി ബാറ്റിങ്ങിൽ അഞ്ചാം ഓവറിൽ ജി. കമാലിനിയെ (13 പന്തിൽ എട്ട്) നഷ്ടമായെങ്കിലും കൂടുതൽ വിക്കറ്റുകൾ പോകാതെ ഇന്ത്യ വിജയത്തിലെത്തി. 33 പന്തിൽ 44 റൺസെടുത്ത് ഗൊങ്കഡി തൃഷയും 22 പന്തിൽ 26 റൺസെടുത്ത സനിക ചൽക്കെയും ഫോമിലെത്തിയതോടെ 52 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ വിജയത്തിലെത്തി. ഇന്ത്യക്കായി തൃഷ മൂന്ന് വിക്കറ്റെടുത്തപ്പോൾ ആയുഷി ശുക്ല, വൈഷ്ണവി ശർമ,പരുണിക സിസോദിയ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.
Discussion about this post