കാൽപ്പന്തുകളിയുടെ ലോകത്ത് ഏറ്റവും ആവേശവും ത്രില്ലിംഗുമായ പോരാട്ടങ്ങളിൽ ഒന്നാണ് എൽക്ലാസിക്കോ. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള ഏറ്റുമുട്ടലാണ് എൽക്ലാസിക്കോയെന്ന് എല്ലാവർക്കും അറിയാം. ഈ പോരാട്ടം കാണുവാൻ ഇങ്ങ് കേരളത്തിലും ഒരുപാട് ഫുട്‌ബോൾ ആരാധകരുണ്ട്. ഒരു തലമുറയെ മുഴുവനായും ആവേശത്തിലാഴ്ത്തിയ രണ്ട് ഇതിഹാസങ്ങൾ.. ക്രിസ്റ്റിയാനോ റൊണാൾഡോയും, ലയണൽ മെസ്സിയും.. അവർ പരസ്പരം പോരാടിയിരുന്ന മത്സരമായും പിന്നീട് എൽക്ലാസിക്കോ അറിയപ്പെട്ടു.. അവരുടെ ആരാധകരും കൂടാതെ ഫുട്‌ബോൾ ആരാധകരും ആ പോരാട്ടം കാണാൻ ഉറക്കമൊഴിച്ച് കാത്തിരുന്ന രാത്രികളും ഒരുപാടുണ്ട്. ഇത്രയും ആരാധക പ്രീതി ഉണ്ടായ എൽ ക്ലാസിക്കോ എങ്ങനെയുണ്ടായി.. ഈ തീവ്ര പോരാട്ടത്തിന്റെ ചരിത്രം എങ്ങനെ?
അറിയാം എൽ ക്ലാസിക്കോ ചരിത്രം
എൽ ക്ലാസിക്കോ ഫുട്‌ബോൾ ചരിത്രത്തിലെ ഒരു ക്ലാസിക്ക് പോരാട്ടം തന്നെയാണ്. ദി ക്ലാസിക്ക് എന്നതിന്റെ സ്പാനിഷ് പദമാണ് എൽ ക്ലാസിക്കോ.. ലോകത്ത് തന്നെ ഏറ്റവും അധികം ആരാധകരുള്ള ഒരു ക്ലാസിക്ക് പോരാട്ടമായാണ് എൽ ക്ലാസിക്കോയെ കണക്കാക്കുന്നത്. റയൽ ബാഴ്‌സ പോരാട്ടം ഏതുമായിക്കോട്ടെ അതിനെ എൽക്ലാസ്സിക്കോ എന്നു വിളിക്കാം.. അത് സ്പാനിഷ് ലീഗിലായാലും ചാമ്പ്യൻസ് ലീഗിലായാലും.. റയലായാലും ബാഴ്‌സയായലും ലോകത്തിലെ ഏറ്റവും സമ്പന്നവും വിജയകരവുമായ ഫുട്‌ബോൾ ക്ലബ്ബുകളിൽ ഒന്നാണ്.
സ്‌പെയിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന സിറ്റികളാണ് ബാഴ്‌സലോണയും റയൽ മാഡ്രിഡും.. പിന്നെ എന്തുകൊണ്ടാണ് അവർ എതിരാളികളായി തീർന്നത്. അത് ഫുട്‌ബോൾ എന്നൊരു കായികം കൊണ്ട് മാത്രമല്ല… മറിച്ച് അവർ തമ്മിലുള്ള ശത്രുത രാഷ്ട്രീയപരവും, സാംസ്‌കാരികപരവും, സാമൂഹികപരവുമായ ഒരു വികാരമാണ്. അവരുടെ രാഷ്ട്രീയ താല്പര്യങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയായും എൽ ക്ലാസിക്കോ മാറിയിട്ടുണ്ട്.
റയൽ സ്പാനിഷ് ദേശീയതയെ പ്രതിദാനം ചെയ്യുമ്പോൾ, ബാഴ്‌സയാകട്ടെ കറ്റാലൻ ദേശീയതയാണ് പ്രതിദാനം ചെയ്യുന്നത്. 1902 മെയ് 13 നാണ് പ്രശസ്തമായ എൽ ക്ലാസിക്കോ ആരംഭിക്കുന്നത്. യഥാർത്ഥത്തിൽ ഇവരുടെ പോരാട്ടം കൂടുതൽ ശക്തമാകുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷവും. അതിനൊരു കാരണവുമുണ്ട്.
1899 സ്ഥാപിതമായ ബാഴ്‌സലോണ 1930 കളിൽ കാറ്റലോണിയ പ്രവശ്യകളുടെ സാംസ്‌കാരിക ചിഹ്നമായി മാറാൻ തുടങ്ങി. അവർ മാഡ്രിഡിന്റെ കേന്ദ്രീകൃത പ്രവണതകളെ എതിർത്തിരുന്നു.. എന്നാൽ 1936 ൽ സ്‌പെയിനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ദേശീയവാദികൾ സ്‌പെയിനിൽ പട്ടാള അട്ടിമറി നടത്തി സ്പാനിഷ് റിപ്പബ്ലിക്കിനെ പുറത്താക്കി ഭരണം പിടിച്ചെടുത്തു. എന്നാൽ അധികകാലം ആ അട്ടിമറിക്ക് ആയുസ് ഉണ്ടായിരുന്നില്ല. ആ സർക്കാർ തകരുകയും രണ്ടായി പിളരുകയും ചെയ്തു. വലതുവശത്ത് ദേശീയവാദികളും ഇടത് പക്ഷത്ത് റിപ്പബ്ലിക്കൻസും. ദേശീയ വാദികളുടെ നേതാവായി ഫ്രാൻസിസ്‌കോ ഫ്രാങ്കോ മുന്നോട്ട് വന്നു. അദ്ദേഹം പുതിയ സംഘടന രൂപീകരിച്ചു. സ്പാനിഷ് ഫാസിസ്റ്റ് പാർട്ടിയെന്നായിരുന്നു സംഘടനയുടെ പേര്. തുടർന്ന് ആ പാർട്ടിയിലോട്ട് എല്ലാവരെയും ഏകീകരിക്കുകയും ചെയ്തു. ഏതാണ്ട് മൂന്ന് വർഷത്തോളം കാലം ആ യുദ്ധം നടന്നു. 1939 ൽ നടന്ന യുദ്ധത്തിൽ റിപ്പബ്ലിക്കിനെ അടിച്ചമർത്തിക്കൊണ്ട് ഫ്രാങ്കോ സ്‌പെയിനിലെ എല്ലാ അധികാരങ്ങളും പിടിച്ചെടുത്തു.
സ്‌പെയിനിൽ യുദ്ധം നടക്കുമ്പോൾ റിപ്പബ്ലിക്കൻസ് അഭയം തേടിയിരുന്നത് ബാഴ്‌സലോണയിലായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഫ്രാങ്കോ ബാഴ്‌സയും പിടിച്ചെടുത്തു. അതോടെ യുദ്ധത്തിന് അവസാനവുമായി. ഈ യുദ്ധം ഫുട്ബോളിനെയും സ്വാധീനിച്ചു. അന്നത്തെ ബാഴ്‌സലോണയുടെ പ്രസിഡന്റും കാറ്റലോണിയയിലെ റിപ്പബ്ലിക്കൻ ലെഫ്റ്റ് അംഗവുമായ ജോസെപ് സൺയോളിനെ ഫ്രാങ്കോയുടെ സൈന്യം അറസ്റ്റ് ചെയ്തു. തുടർന്ന് വിചാരണ കൂടാതെ വധിക്കുകയും ചെയ്തു. ഇത് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കി.. ജോസെപ് സൺയോൾ കാറ്റലോണിയൻ ജനതയുടെ ഒരു പ്രതീകമായി മാറി. അവർ അവരുടെ പ്രതിഷേധങ്ങൾ രേഖപ്പെടുത്താൻ തുടങ്ങി. കാറ്റലോണിയൻ ജനതയുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാക്കി ബാഴ്‌സലോണയെ പിന്നീട് മാറ്റുകയായിരുന്നു.
സ്വേച്ഛാധിപതിയായി മാറിയ ഫ്രാങ്കോ സ്‌പെയിനിലെ എല്ലാ പ്രാദേശിക ഭാഷകൾക്കും നിരോധനം ഏർപ്പെടുത്തി. എന്നാൽ കറ്റാലൻ ജനത ശക്തമായി അതിനെ പ്രതിഷേധിച്ചു.. കറ്റാലൻ ഭാഷയിൽ “മെസ് ക്യൂ അൺ ക്ലബ്ബ്” അഥവാ “മോർ ദാൻ എ ക്ലബ്ബ്” എന്ന ആപ്തവാക്യം ഉയർത്തി ബാഴ്‌സ സ്വേച്ഛാധിപതിയെ വെല്ലുവിളിച്ചു. അവർ ക്ലബ്ബിന്റെ ലോഗയിൽ കറ്റാലൻ ദേശീയ പതാക ആലേഖനം ചെയ്തു.
ഫുട്‌ബോളിന്റെ കടുത്ത ആരാധകനായ ഫ്രാങ്കോ റയൽ മാഡ്രിഡിനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ റയൽ മാഡ്രിഡ് ഫ്രാങ്കോസ് ക്ലബ്ബെന്നും അറിയപ്പെട്ടിരുന്നതായി ചില കഥകളുണ്ട്. ഫ്രാങ്കോ റയലിലൂടെ ഒരു ദേശീയത വളർത്താൻ ശ്രമിച്ചു. ഫ്രാങ്കോയുടെ ഇഷ്ട ടീമായി വളർന്ന റയൽ സ്‌പെയിനിലെ കരുത്തരാകാനും തുടങ്ങി. സ്‌പെയിൻ ഗവൺമെന്റിന്റെ എല്ലാവിധ പിന്തുണയും റയലിന് കിട്ടി. റയലിന്റെ കരുത്താണ് തങ്ങളുടെയും കരുത്തെന്ന് സ്‌പെയിനിലെ ജനത വിശ്വസിച്ചു. എന്നാലും ഫ്രാങ്കോയുടെ ഭരണം, റയൽ ബാഴ്‌സ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളെയും, ഓൺ-പിച്ച് ഫലങ്ങളെയും സ്വാധീനിച്ചു എന്നതിനെക്കുറിച്ചും ഒരു തർക്കവുമുണ്ട്. ഫ്രാങ്കോയുടെ ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ റയലിന് വേണ്ടത്ര വിജയം നേടാനായില്ല. എന്നാൽ ബാഴ്‌സയാകട്ടെ മൂന്ന് ലീഗ് കിരീടങ്ങളും സ്വന്തമാക്കി.
1943-ൽ അരങ്ങേറിയ കോപ്പ ഡെൽ റേ സെമിഫൈനലാണ് ചരിത്രത്തിൽ ഏറ്റവും പ്രശസ്തമായ എൽ ക്ലാസിക്കോ.. ആദ്യ പാദ മത്സരത്തിൽ 3-0 നാണ് അന്ന് റയലിനെ ബാഴ്‌സ തകർത്തത്. എന്നാൽ ഫൈനൽ ബെർത്ത് ഉറപ്പിച്ച് ഇറങ്ങിയ ബാഴ്‌സയെ റയൽ തവിടുപൊടിയാക്കുകയായിരുന്നു.. രണ്ടാം പാദത്തിൽ 11-1 എന്ന മാർജിനിൽ ആയിരുന്നു റയലിന്റെ വിജയം. ക്ലബ്ബ് ഫുട്‌ബോൾ ചരിത്രത്തിൽ തന്നെ ഇത്രയധികം ത്രില്ലർ പോരാട്ടമോ മറ്റൊരു തിരിച്ചു വരവോ ഇതിനു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. ഈ മത്സരവും ഫുട്‌ബോൾ ചരിത്രത്തിലെ വിവാദ എൽ ക്ലാസിക്കോയിൽ ഒന്നായിരുന്നു.
3-0 ന് ബാഴ്‌സ ജയിച്ച ആദ്യ പാദ മത്സരത്തിൽ റഫറിയുടെ പങ്കിനെ കുറിച്ച് റയൽ പരാതിപ്പെട്ടു. അതുകൂടാതെ ആ മത്സരത്തിൽ ഹോം പിന്തുണക്കാരും മാഡ്രിഡിനെ കളിയുലടനീളം വിസിലടിച്ചു. പരുക്കൻ അടവുകൾ മത്സരത്തിലുടനീളം കണ്ടു. മത്സരശേഷം മാഡ്രിഡിൽ ഒരു പ്രചാരണവും ആരംഭിച്ചു. സ്‌പെയിനിന്റെ പ്രതിനിധികളെ ആക്രമിക്കാനുള്ള വ്യക്തമായ ഉദ്ദേശം എന്നാണ് “യാ” എന്ന പത്രം റിപ്പോർട്ട് ചെയ്തത്.
എന്നാൽ ബാഴ്സലോണയും വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല. ഡിഎൻഡിയിലെയും എബിസി പത്രത്തിലെയും പ്രസ് ഓഫീസർ എല്ലാത്തരം കള്ളത്തരങ്ങളും, ശരിക്കും ഭയാനകമായ കാര്യങ്ങളും എഴുതിയെന്ന് ബാഴ്‌സലോണ കളിക്കാരൻ ജോസെപ് വാലെ തിരിച്ചടിച്ചു
രണ്ടാം പാദ മത്സരത്തിന് മുമ്പ് റയലിന്റെ നീക്കം രണ്ടും കല്പിച്ചായിരുന്നു. ബാഴ്‌സലോണ ആരാധകർക്ക് മാഡ്രിഡിലേക്കുള്ള യാത്ര വിലക്കേർപ്പെടുത്തി. കൂടാതെ മത്സരത്തിന്റെ ടിക്കറ്റുകൾക്കൊപ്പം അവരുടെ ആരാധകർക്ക് ഒരു സമ്മാനവും നൽകി.. വിസിലായിരുന്നു സമ്മാനം. മത്സരം തുടങ്ങുന്ന ദിവസം ബാഴ്‌സലോണ ടീമിനെ അപമാനിക്കുകയും അവരുടെ ബസിന് നേരെ കല്ലെറിയുകയും ചെയ്തു.
തുടർന്ന് രണ്ട് ക്ലബ്ബുകൾക്കും റോയൽ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ 2500 പെസെറ്റാ പിഴ ചുമത്തി. ബാഴ്‌സലോണ അപ്പീൽ ചെയ്‌തെങ്കിലും അതിന് ഒരു മാറ്റവും വന്നില്ല. അങ്ങനെ ഫുട്‌ബോളിനകത്തും പുറത്തും വലിയ വിവാദമുണ്ടാക്കിയൊരു മത്സരമായിരുന്നു അത്.
ഫുട്‌ബോൾ കളിയിൽ മാത്രമല്ല ട്രാൻസ്ഫർ മാർക്കറ്റിലും റയൽ ബാഴ്‌സ ക്ലബ്ബുകൾ വിവാദത്തിൽ ഏർപ്പെട്ടിട്ടുണ്ട്. റയൽ നോക്കി വച്ചേക്കുന്ന താരത്തെ ബാഴ്‌സ പൊക്കുന്നതും, ബാഴ്‌സ നോക്കി വച്ചേക്കുന്ന താരത്തെ റയൽ പൊക്കുന്നതും ട്രാൻസ്ഫർ വിപണി ചരിത്രങ്ങളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്.. അത് ഇക്കാലവും തുടർന്ന് പോകുന്ന ഒരു കാര്യവുമാണ്. അതിൽ ഏറ്റവും വിവാദപരമായ ട്രാൻസ്ഫർ 1950 കളിൽ നടന്നൊരു സംഭവമായിരുന്നു. അത് ഇരു ക്ലബ്ബുകളും തമ്മിലുള്ള പക കൂടുതൽ വഷളാക്കി.
അർജന്റീന ഫോർവേഡ് ആൽഫ്രെഡോ ഡി സ്‌റൈഫാനോയെ സൈനിംഗ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആ കാലയളവിൽ വലിയൊരു വിവാദമായത്. 1953 ൽ റിവർപ്ലേറ്റിൽ നിന്നും സ്റ്റൈഫാനോയെ റയൽ സൈൻ ചെയ്തു. എന്നാൽ ആ കാലയളവിൽ അദ്ദേഹം മിലിയോണോറിയോസ് എന്ന ക്ലബ്ബിൽ ലോണിൽ കളിക്കുകയായിരുന്നു. അവിടെ നിന്നും അദ്ദേഹത്തെ ബാഴ്‌സയും സൈൻ ചെയ്തു. രണ്ട് ക്ലബ്ബുകളും താരത്തിനായി വാദിച്ചു. അവസാനം പ്രശ്‌നത്തിൽ ഇടപെട്ട ഫിഫ സ്റ്റെഫാനോയെ ബാഴ്‌സയിലേക്ക് അയച്ചു. ഈ തീരുമാനം സ്‌പെയിനിൽ വീണ്ടും പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കി. അവസാനം സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷന്റെ ഇടപെടലിൽ സ്‌റ്റെഫാനോയെ ബാഴ്‌സയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ബാഴ്‌സയുമായി കരാർ നഷ്ടപ്പെട്ട താരം തിരിച്ച് റിവർപ്ലേറ്റിലേക്ക് മടങ്ങുകയും ചെയ്തു.
എന്നാൽ സ്‌പെയിനിലെ കോടതി ഇതിൽ ഇടപെടുകയും സ്റ്റെഫാനോയെ റയലിന് കൈമാറുകയും ചെയ്തു. റയലുമായി നാല് വർഷത്തെ കരാറിൽ അദ്ദേഹം ഒപ്പുവെച്ചു. ഇത് വലിയ സംഘടനങ്ങൾക്ക് വഴിയൊരുക്കി. സ്പാനിഷ് ഭരണകൂടത്തിന്റെ ഇടപെടൽ കൂടി ആയതോടെ പ്രശ്നം കൂടുതൽ വഷളാവുകയും ചെയ്തു.
പക്ഷെ റയലിലേക്ക് കൂടുമാറിയ സ്റ്റെഫാനോ അവിടത്തെ മൂല്യമുള്ള താരമായി വളർന്നു. റയലിന്റെ കുതിപ്പിന് അദ്ദേഹം ചുക്കാൻ പിടിച്ചു. ബാഴ്‌സയുമായുള്ള തന്റെ ആദ്യ മത്സരത്തിൽ രണ്ട് ഗോളുകളും നേടി. യൂറോപ്യൻ കപ്പിന്റെ ആദ്യ അഞ്ച് പതിപ്പുകളിലും മാഡ്രിഡിനെ വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിനായി. 8 ലീഗ് ടൈറ്റിലുകളും 5 ചാമ്പ്യൻസ് ലീഗും നേടി സ്റ്റെഫാനോ റയലിന്റെ ഇതിഹാസമായി മാറി. ബാഴ്‌സയുടെ നഷ്ടം റയലിന് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായി. പിന്നെ ബെർണബ്യൂവിന്റെ വരവും കൂടി ആയപ്പോൾ റയൽ യൂറോപ്പിലെ തന്നെ വമ്പൻ ടീമായി മാറി.
(സ്റ്റെഫാനോയെ കൂടാതെ പല താരങ്ങൾക്കു വേണ്ടിയും ബാഴ്സയും റയലും പരസ്പരം കൊമ്പുകൊർത്തു. 2000 ത്തിൽ ബാഴ്സയിൽ നിന്ന് അവരുടെ ക്യാപ്റ്റൻ കൂടിയായ ലൂയീസ് ഫിഗോയെ റയൽ റാഞ്ചിയതും വൻ വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും വഴിതെളിച്ചിരുന്നു.)
1969 ൽ വാർദ്ധക്യപരമായ കാരണങ്ങളാൽ ഫ്രാങ്കോ സ്ഥാനങ്ങളിൽ നിന്നൊക്കെ വിട്ടൊഴിഞ്ഞു. പകരം കിംഗ് അലോൺസോ പതിമൂന്നാമന്റെ കൊച്ചുമകനായ ജൂവാൻ കാർലോയെ ഭരണം ഏൽപ്പിച്ചു. തന്നെ പോലെ തന്റെ മകനും ഭരണം നടത്തുമെന്ന് കരുതിയ ഫ്രാങ്കോ എല്ലാ പവറും ജൂവാന് നൽകി. 1975ൽ അദ്ദേഹം മരിച്ചു.
പക്ഷെ ഫ്രാങ്കോ കരുതിയത് പോലെയായിരുന്നില്ല ജുവാന്റെ ഭരണം. അദ്ദേഹം സ്‌പെയിനിൽ ഡെമോക്രാറ്റിക്ക് ഭരണം കൊണ്ടുവന്നു. ഡെമോക്രാറ്റിക്ക് നിലവിൽ വന്നതോടെ കാറ്റലോണിക്കാർക്ക് അവരുടെ സ്വാതന്ത്ര്യം തിരിച്ചു കിട്ടി. അതുകൊണ്ട് തന്നെ ബാഴ്‌സലോണ എന്ന ക്ലബ്ബിനും ഒരുപാട് നേട്ടങ്ങൾ കിട്ടി.
1960 കളിൽ ബാഴ്‌സ റയലിന് വെല്ലുവിളി ഉയർത്താനുള്ള ഒരു ടീമാകാതെ തകർന്ന് പോയി. മോശം പ്രകടനങ്ങൾ ക്ലബ്ബിനെ വലച്ചു. പഴയ മോടിയിൽ തിരിച്ചുവരണമെന്ന വാശിയിൽ രണ്ടും കല്പിച്ച് ബാഴ്‌സ ഇറങ്ങി. അതിന്റെ ഫലമായി ചരിത്രപരമായ ഒരു സൈനിംഗ് ബാഴ്‌സ നടത്തി. 1973 ൽ ഡച്ച് ഇതിഹാസം യോഹാൻ ക്രൈഫിനെ ക്യാമ്പ് നൗവിൽ എത്തിച്ചു. അദ്ദേഹത്തിന്റെ വരവ് ബാഴ്‌സയ്ക്ക് പുത്തനുണർവായി. 1974ൽ റയലിനെ അവരുടെ തട്ടകത്തിൽ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് ബാഴ്‌സ അവരുടെ 14 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചു. ക്രൈഫിന്റെ വരവ് ബാഴ്‌സലോണയെ ലോകത്തെ മികച്ച ക്ലബ്ബുകളിൽ ഒന്നായി വളർത്തി. ക്ലബ്ബിന്റെ ഇതിഹാസതാരമായി അദ്ദേഹം മാറി. 1975 ൽ ഫ്രാങ്കോയുടെ മരണത്തിന് ശേഷം നടന്ന എൽ ക്ലാസിക്കോയിൽ ബാഴ്‌സ വിജയിച്ചപ്പോൾ കാറ്റലോണിയൻ പതാക വീശികൊണ്ടായിരുന്നു കാറ്റലോണിയൻ ജനത ഫ്രാങ്കോയോടുള്ള അതൃപ്തി പ്രകടിപ്പിച്ചത്.
ജനാധിപത്യം വന്നതോടെ സ്പാനിഷ് ജനതയുടെ വോട്ടിന്റെ പകുതിയിലേറെയും കാറ്റലോണിക്കാർക്കായിരുന്നു. അവർക്ക് പ്രാധാന്യം നൽകികൊണ്ട് ഗവൺമെന്റ് രൂപീകരിക്കാൻ തുടങ്ങി. അതിലൂടെ ബാഴ്‌സലോണ എന്ന ക്ലബ്ബിന്റെ സ്വാധീനവും സ്‌പെയിനിൽ വളരാൻ തുടങ്ങി.
1980 കളിൽ അൾട്രാ ഗ്രൂപ്പുകൾ സൃഷ്ടിച്ചത് രണ്ട് ക്ലബ്ബുകളുടെയും പ്രതിച്ഛായയെ കൂടുതൽ ബാധിച്ചു. അവയിൽ ചിലത് ഹൂളിഗൻസായി. കളികളത്തിലെ പോരാട്ടം പിന്നീട് തെരുവുകളിലേക്ക് വ്യാപിക്കാൻ ഈ ഗ്രൂപ്പുകൾക്കായി. രക്തരൂക്ഷിതമായ കലാപങ്ങൾക്ക് സ്‌പെയിൻ സാക്ഷിയാവുന്നതാണ് പിന്നീട് കണ്ടത്.
മാഡ്രിസിറ്റുകൾക്ക് അവരുടെ ആരാധകർ വിഘടനവാദികളുടെ സംഘമാണ്. ബാഴ്‌സയെ തോൽപ്പിക്കുന്നത് ദേശീയതയുടെ വിജയമായി അവർ കരുതി. എന്നാൽ റയലിനെ തോൽപ്പിക്കുന്നത് ബാഴ്‌സക്കാകട്ടെ ആത്മാഭിമാനത്തിന്റെ കാര്യവുമാണ്. സ്വതന്ത്ര കാറ്റലോണിയ എന്ന സ്വപ്‌നത്തിലേക്കുള്ള ചുവടുവെപ്പായാണ് അവർ ഓരോ എൽ ക്ലാസിക്കോ വിജയങ്ങളും കണ്ടത്.
അങ്ങനെ റയൽ ബാഴ്‌സ പോരാട്ടം രണ്ട് ചേരികൾ തമ്മിലുള്ള യുദ്ധമായി വളർന്നുകൊണ്ടേയിരുന്നു. അത് ഇപ്പോഴും നിലകൊള്ളുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ ഈ രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള മത്സരം വെറുമൊരു മത്സരമല്ല. മറിച്ച് ഒരു ജനതയുടെ സാംസ്‌കരവും വിശ്വാസവും പ്രതിഷേധവുമാണ്. നശിപ്പിക്കപ്പെട്ട ഒരു രാജ്യവും അവരെ അടിച്ചമർത്തിയ രാജ്യവും തമ്മിലുള്ള വൈകാരിക പോരാട്ടമാണ് എൽ ക്ലാസിക്കോ.
പലർക്കും ബാഴ്‌സലോണ ഇപ്പോഴും വിമത ക്ലബ്ബാണ് അല്ലെങ്കിൽ റയലിന് ബദലായി നിൽക്കുന്നൊരു ക്ലബ്ബ്. സിഐഎസ് പുറത്തുവിട്ട വോട്ടെടുപ്പ് പ്രകാരം മിക്ക സ്പാനിഷ് നിവാസികളുടെയും പ്രിയപ്പെട്ട ടീമാണ് റയൽ മാഡ്രിഡ്, ബാഴ്‌സ രണ്ടാമതും.
ഇതാണ് എൽക്ലാസിക്കോ ചരിത്രം. ഒരുപാട് ത്രില്ലർ പോരാട്ടങ്ങളും ഒരുപാട് ഇതിഹാങ്ങളെയും അവതരിപ്പിച്ച ഒന്നാണ് എൽക്ലാസ്സിക്കോ.. ഇതിഹാസ താരങ്ങൾ പലരും പരസ്പരം കൊമ്പ് കോർത്തിട്ടുമുണ്ട്. ഫുട്‌ബോൾ ലോകത്ത് എൽ ക്ലാസിക്കോയ്ക്ക് അതിന്റേതായ പങ്കുമുണ്ട്. പിന്നീടും പല പല വമ്പൻ വിവാദങ്ങളും എൽക്ലാസ്സിക്കോയിലുണ്ടായിട്ടുമുണ്ട്. കാൽപ്പന്ത് കളി ഉള്ളടത്തോളം കാലം ഇനിയും പല വിവാദങ്ങളും ത്രില്ലർ പോരാട്ടങ്ങളും ഉണ്ടാകും. അതാണ് ഫുട്ബോളിനെയും എൽ ക്ലാസിക്കോയും ഇത്ര മനോഹരമാക്കുന്നത്. സ്‌പെയിൻ മാത്രമല്ല ലോകം തന്നെ രണ്ട് ചേരികളായി തീരുന്ന ഒരു ഫുട്‌ബോൾ മാമാങ്കമാണ് എൽ ക്ലാസിക്കോ.
Discussion about this post