അബുദാബി : 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ സമ്മാനത്തുകയിൽ റെക്കോർഡ് വർദ്ധനവ്. മുൻവർഷത്തെ സമ്മാനത്തുകയിൽ നിന്നും 53% വർദ്ധനവാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയിൽ വരുത്തിയിരിക്കുന്നത്.
പാകിസ്താനിലും ദുബായിലുമായിട്ടാണ് 2025 ഐസിസി ചാമ്പ്യൻസ് ട്രോഫി സംഘടിപ്പിക്കുന്നത്. ഇന്ത്യ പാകിസ്താനിലേക്ക് പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വെച്ച് നടത്താനും ഐസിസി തീരുമാനിച്ചിട്ടുണ്ട്.
ഫെബ്രുവരി 19 മുതൽ ആണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്. ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിൽ മൊത്തം സമ്മാനത്തുകയായി നൽകുന്നത് 6.9 മില്യൺ യുഎസ് ഡോളർ, അതായത് ഏകദേശം 59.9 കോടി രൂപ ആണ്. വിജയിക്കുന്ന ടീമിനുള്ള ബംബർ സമ്മാനമായി 2.24 മില്യൺ ഡോളർ ലഭിക്കും. 19.5 കോടി ഇന്ത്യൻ രൂപയാണ് ഇത്. രണ്ടാം സ്ഥാനക്കാർക്ക് 1.12 മില്യൺ ഡോളറും സമ്മാനമായി ലഭിക്കും. കൂടാതെ സെമി ഫൈനലിൽ തോൽക്കുന്ന എല്ലാ ടീമുകൾക്കും 560,000 ഡോളർ വീതം സമാനത്തുകയും ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്.
2017 ന് ശേഷം ആദ്യമായിട്ടാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. എട്ട് ടീമുകൾ ആണ് ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിൽ മത്സരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ എല്ലാം തന്നെ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. നിലവിലെ ചാമ്പ്യനായ പാകിസ്താൻ, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്ളത്. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക.
2025 ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള സമ്മാനത്തുകയിൽ വലിയ മാറ്റങ്ങളാണ് ഐസിസി വരുത്തിയിട്ടുള്ളത്. മത്സരത്തിൽ പങ്കെടുക്കുന്ന എട്ട് ടീമുകൾക്കും 125,000 ഡോളർ വീതം സമ്മാനത്തുക ഉറപ്പായും ലഭിക്കും. ഇത് കൂടാതെ
ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ വിജയിക്കുന്ന ടീമിനും 34,000 ഡോളർ സമ്മാനത്തുകയും ലഭിക്കും . അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തും എത്തുന്ന ടീമുകൾക്ക് 350,000 ഡോളർ വീതവും, ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും എത്തുന്ന ടീമുകൾക്ക് 140,000 ഡോളർ വീതവും ലഭിക്കും എന്നും ഐസിസി വ്യക്തമാക്കി.
1996 ന് ശേഷം പാകിസ്താൻ ആദ്യമായിട്ടാണ് ഒരു ഐസിസി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടാണ് മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് പ്രവേശിക്കും. ഫെബ്രുവരി 23 ന് ആണ് ഇന്ത്യൻ ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം നടക്കുന്നത്. കോവിഡ് മഹാമാരിക്ക് മുന്നോടിയായി ഓരോ നാലുവർഷം കൂടുമ്പോഴും ആയിരുന്നു ഐസിസി ചാമ്പ്യൻസ് ട്രോഫി നടത്തിയിരുന്നത്. ഇന്ത്യൻ ടീം ആകെ നാല് തവണയാണ് ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ എത്തിയിട്ടുള്ളത്. 2013 ൽ മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റനായിരിക്കുമ്പോഴാണ് ഇന്ത്യ അവസാനമായി ചാമ്പ്യൻസ് ട്രോഫി നേടിയത്.
Discussion about this post