തിരുവനന്തപുരം : സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ ടി പി കേസില്‍ പിണറായിക്കെതിരെ അന്വേഷണം ആവശ്യപ്പെടുമെന്ന് വി ടി ബല്‍റാം എംഎല്‍എ. കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ ഉള്‍പ്പെടെ നല്കിയ മൊഴികളില്‍ പിണറായി വിജയന്റെ പേരുണ്ട്.അന്നത്തെ സര്‍ക്കാര്‍ അതില്‍ അന്വേഷണം നടത്തിയിരുന്നില്ല. നിലവില്‍ കേസ് അന്വേഷിക്കുന്ന സിബിഐയും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നും വി ടി ബല്‍റാം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
പ്രത്യേക സമ്മേളനമായതിനാല്‍ തന്നെ എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം ലഭിക്കില്ല. സംസാരിക്കേണ്ട ആളുകളെ പാര്‍ട്ടി തീരുമാനിക്കുന്നതേയുള്ളൂ. തനിക്ക് അവസരം ലഭിച്ചാല്‍ ഈ വിഷയം ഉയര്‍ത്തുമെന്നും വി ടി ബല്‍റാം പറഞ്ഞു.
നേരത്തെ സോളാര്‍ റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ടി പി കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന തരത്തില്‍ വി ടി ബല്‍റാം ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയിരുന്നു. ഇതു വിവാദമായപ്പോള്‍ ടി പി കേസില്‍ പിണറായിക്കെതിരെ മൊഴിയുണ്ടായിരുന്നിട്ടും അന്നത്തെ സര്‍ക്കാര്‍ അന്വേഷിച്ചില്ലെന്നും ഇപ്പോള്‍ ഒരു കത്തില്‍ പേരുള്ളതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയാണെന്നും വി ടി ബല്‍റാം വിശദീകരിച്ചു.
Discussion about this post