പെരിന്തല്‍മണ്ണ: സ്കൂള്‍ പ്രഥമാധ്യാപിക ആത്മഹത്യചെയ്ത കേസില്‍ സഹ അധ്യാപകന് അറസ്റ്റില്‍. പുത്തനങ്ങാടി പള്ളിപ്പടിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രഥമാധ്യാപികയായിരുന്ന കയലുംവക്കത്ത് മുഹമ്മദിന്റെ മകള്‍ ഫൗസിയ(29)യാണ് നവംബര്‍ അഞ്ചിന് ആത്മഹത്യ ചെയ്തത്. അവിവാഹിതയായ ഫൗസിയയെ വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട ഇവര്‍ ജോലിചെയ്തിരുന്ന സ്കൂളിലെ അധ്യാപകന് പുത്തനങ്ങാടി നെന്മിനി സ്വദേശി ചെമ്പന്‍കുഴിയില്‍ അബ്ദുള്റഫീഖ് ഫൈസി(36)യെയാണ് അറസ്റ്റുചെയ്തത്.
അബ്ദുള്റഫീഖ് ഫൈസിയും ഫൗസിയയും അടുപ്പത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ ഫൈസി വിസമ്മതിച്ചതായി യുവതിയുടെ മരണശേഷം ലഭിച്ച ഡയറിക്കുറിപ്പുകളില്‍ നിന്നും കത്തുകളില്‍നിന്നും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. യുവതിയില്‍ നിന്ന് ഇടയ്ക്ക് പണംവാങ്ങിയിരുന്നതായും ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് പ്രതി സ്കൂളില്‍നിന്നും ഒക്ടോബര്‍ 26ന് സ്വയം വിരമിച്ച് പോയിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കര്‍മസമിതിയുണ്ടാക്കി. സമിതി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഡിവൈ.എസ്.പി. മോഹനചന്ദ്രനാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Discussion about this post